പരിയാരം ഏമ്പേറ്റ് ജങ്ഷനിൽ മേൽപാലം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിത കാല ജനകീയ സമരത്തിന് വിജയോത്സവത്തോടെ സമാപനമായി.മേൽപാലത്തിൻ്റെ നിർമാണം തിങ്കളാഴ്ച ആരംഭിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് 78 ദിവസം നീണ്ടുനിന്ന സമരത്തിന് ഞായറാഴ്ച ജനകീയാഘോഷത്തോടെ സമാപനമായത്.

വിജയോത്സവം ഡോ: വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയിലാണ് മുന്നേറ്റങ്ങൾ രൂപപ്പെടുകയെന്ന് വി ശിവദാസൻ എം പി പറഞ്ഞു.സമരം അവസാനിപ്പിച്ചാലും ജാഗ്രതയുമായി ജനങ്ങളുടെ കാവൽ തുടർന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.പരിയാരം ഗ്രാമ പഞ്ചായത്ത് അംഗം വി രമണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ കെ രത്നകുമാരി,തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ,പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ,ബ്ലോക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി മല്ലിക ,ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സ്റ്റഡീ സെന്റർ ഡയരക്ടർ പി പി ബാലൻ മാസ്റ്റർ,എം ടി മനോഹരൻ, പി വി ഗോപാലൻ സംസാരിച്ചു.
ഇ തമ്പാൻ സ്വാഗതവും ചാലിൽ ദാമോദരൻ നന്ദിയും പറഞ്ഞു.മേൽപാലം അനുവദിക്കുന്നതിനായി എം പി മാരായ ജോൺ ബ്രിട്ടാസ് ,വി ശിവദാസൻ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുമായി നേരിൽ ചർച്ച നടത്തിയിരുന്നു.
തുടർന്നാണ് മേൽപാലം എന്ന ആവശ്യം വേഗത്തിൽ യാഥാർഥ്യമാകുന്നതിന് പ്രധാന കാരണമായത്.
നാല് പഞ്ചായത്തുകളിലെ ജനങ്ങൾ അനുദിനം ബന്ധപ്പെടുന്ന ഏമ്പേറ്റ് ജങ്ഷൻ വഴി ദിനംപ്രതി നൂറുകണക്കിനാളുകളാണ് കടന്നുപോകുന്നത്.
മേൽപാലം ഇല്ലാത്ത സാഹചര്യത്തിൽ ഇരുഭാഗത്തു
മുള്ള ജനങ്ങൾ ഒറ്റപ്പെടുമെന്നും ആതുര സേവനങ്ങൾ പോലും സമയത്ത് ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും കേന്ദ്രത്തെയും ദേശീയപാത അതോറിറ്റിയെയും ബോധ്യപ്പെടുത്താനായതിൻ്റെ ഫലമായാണ് മേൽപാലം അനുവദിച്ചു കിട്ടിയതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി
Flyover in embett