തളിപ്പറമ്പ: മത്സ്യമാർക്കറ്റിലെ മലിനജലം പൈപ്പ്ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവർത്തനം നടത്തുന്നതിനിടയിൽ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നു വഖഫ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

കാലങ്ങളായി വികസന മുരടിപ്പിനാലും മലിനജലപ്രശ്നത്താലും വീർപ്പുമുട്ടുന്ന തളിപ്പറമ്പ ജുമാ'അത് പള്ളിയുടെ കീഴിലുള്ള മത്സ്യമാർക്കറ്റിൽ പുതുതായി വഖഫ് ബോർഡ് ജുമാ'അത് പള്ളിയിൽ നിയമിച്ച മുതവല്ലി ചുമതലയേറ്റശേഷം നിരവധി വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി മത്സ്യ മാർക്കറ്റിലെ മലിനജലം പൈപ്പ്ലൈൻ സംവിധാനത്തിലൂടെ ഡ്രൈനേജിലേക്ക് എത്തിക്കുന്ന പ്രവർത്തികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനിടയിലാണ് മലിനജലം പൊതുനിരത്തിലേക്ക് ഒഴുകിപോകുവാൻ ഇടയായത്. പൊതുനന്മയ്ക്കായി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കിടയിൽ ഇങ്ങനെ സംഭവിച്ചത് അംഗീകരിക്കത്തക്കതല്ല.
ആയതിനാൽ മേൽപ്രശ്നത്തിൽ അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും പൈപ്പ്ലൈൻ ക്രമീകരണ പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ സി അബ്ദുൽ കരീമും കെപിഎം റിയാസുദ്ദീനും മേൽ സ്ഥലം സന്ദർശിച്ച ശേഷം മുതവല്ലി ഷംസുദ്ധീൻ പാലക്കുന്നിനോടും കരാറുകാരൻ നജീബിനോടും ആവശ്യപ്പെട്ടു. രണ്ടുദിവസം കൊണ്ട് പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുതവല്ലിയും കരാറുകാരനും സംരക്ഷണ സമിതിക്കു ഉറപ്പുനൽകി.
Sewage problem in fish market