തളിപ്പറമ്പ് : ഓരോ മനുഷ്യനെയും ചേർത്തുവയ്ക്കുന്ന വികസന സമഗ്രതയാണ് തളിപ്പറമ്പിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ വിഭാവനം ചെയ്‌ത് നടപ്പാക്കുന്നത്. ആരോഗ്യ രംഗത്ത്, വിദ്യാഭ്യാസ മുന്നേറ്റത്തിൽ, ടൂറിസം മേഖലയിൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ എല്ലാം മാതൃകാപരമായ പദ്ധതികൾ നടപ്പാക്കാൻ അതുവഴി സാധിച്ചു. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി, ഡിജിറ്റൽ സാക്ഷരതാ പദ്ധതി, ടേണിങ് പോയിന്റ് എഡ്യു ഫെസ്റ്റ്, തൊഴിൽ സംരംഭ വികസന പദ്ധതി, നാടുകാണി സൂ ആൻ്റ് സഫാരി പാർക്ക്, കില ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്,സി-മെറ്റ് നേഴ്‌സിങ് കോളേജ്, ലോ കോളേജ്, കായിക വികസനം, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, മണ്ണ് ജല സംരക്ഷണം, അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി, റോഡുകളുടെയും പാലങ്ങളുടെയും വികസനം, ഹാപ്പിനസ് ഫെസ്റ്റിവൽ തുടങ്ങി എടുത്തുപറയുവാൻ എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങൾ നിലവിൽ തളിപ്പറമ്പിനുണ്ട്. ജനങ്ങളെ അറിഞ്ഞും ജനങ്ങളെ അറിയിച്ചും അതുവഴി ജനങ്ങൾ ഏറ്റെടുത്തുമാണ് തളിപ്പറമ്പ് മണ്ഡലത്തിലെ ഓരോ വികസന ചുവടും നീങ്ങുന്നത്.
വീണ്ടുമൊരു പുതുവർഷം കൂടി എത്തിച്ചേരുകയാണ്. സന്തോഷത്തിന്റെയും നന്മയുടെയും പുതിയ പുലരികളെ നമുക്ക് വരവേൽക്കാം. ആടിയും പാടിയും പറഞ്ഞും നിറഞ്ഞ സന്തോഷത്തോടെ ഹാപ്പിനസ്സ് സ്‌ക്വയറും ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. 2.72 കോടി രൂപ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് ഹാപ്പിനസ് സ്ക്വയർ നിർമ്മാണം പൂർത്തിയാവുന്നത്. ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായാണ് ഹാപ്പിനസ് സ്ക്വയർ ഒരുക്കുന്നത്. കലാ സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ തളിപ്പറമ്പിന്റെ അടയാളമാകുന്ന കേന്ദ്രമായിരിക്കും ഹാപ്പിനസ് സ്‌ക്വയർ. സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെൻ്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണിത്. ആയിരത്തിലധികം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കത്തക്ക വിധത്തിലുള്ള ഇൻഡോർ ഓഡിറ്റോറിയത്തിൽ ഇൻബിൽറ്റ് ആയി സൗണ്ട് സിസ്റ്റം, ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിൻ്റെ കീഴിലാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ. 31ന് ഹാപ്പിനസ്സ് സ്ക്വയർ ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് ആഘോഷപരിപാടികൾ ഹാപ്പിനെസ് സ്ക്വയർ കേന്ദ്രീകരിച്ച് ആരംഭിക്കും. പൊതുജനങ്ങൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ട്. തേവർ ബാൻഡിൻ്റെ മ്യൂസിക് നൈറ്റും പുതുവത്സര രാത്രിയെ ആഘോഷ ഭരിതമാക്കും.
Happiness square