തളിപ്പറമ്പ് പരിധിയിലെ വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത രോഗത്തിനെ ചെറുക്കുന്നതിനായി ആരോഗ്യവകുപ്പും മുനിസിപ്പാലിറ്റിയും അതുപോലെതന്നെ സമീപ പഞ്ചായത്തുകളും സംയുക്തമായി നടത്തിവരുന്ന ഊർജിത രോഗനിയന്ത്രണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളും വ്യാപാരികളും ഹോട്ടലുടമകളും സഹകരിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
2024 മെയ് മാസത്തിൽ തളിപ്പറമ്പ് കേന്ദ്രീകരിച്ചു പൊട്ടിപ്പുറപ്പെട്ട മഞ്ഞപിത്തം ഔട്ട് ബ്രേക്കിൽ തളിപ്പറമ്പ്, ആന്തൂർ മുനിസിപ്പാലിറ്റികളിലെയും സമീപ പഞ്ചായത്തുകൾ ആയ ഏഴോം, പട്ടുവം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ പ്രദേശങ്ങളിലും ആയി 450 ൽ അധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ പകുതിയിൽ കൂടുതൽ ഈ പ്രദേശങ്ങളിൽ ആണ് എന്നുള്ളത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഈ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്കിൽ അകപെട്ടിട്ടാണ് നിലവിൽ തളിപ്പറമ്പ് പരിധിയിൽ രണ്ട് യുവാക്കളുടെ മരണങ്ങൾ സംഭവിച്ചിട്ടുള്ളതും.
ഇതിനെ നിയന്ത്രണവിധേയമാക്കുന്നതിനായി ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പും മുനിസിപ്പാലിറ്റിയും പഞ്ചായത്ത് അധികൃതരും സംയുക്തമായി സ്വീകരിക്കുമ്പോൾ അതിനെതിരെ അബദ്ധ ജടിലമായ ധാരണകളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
താഴെപ്പറയുന്ന അബദ്ധധാരണകളാണ് നിലവിൽ ചില പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ചില സാമൂഹ്യ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ആ വാർത്തകൾ കൂടുതൽ പേരിൽ എത്തുമ്പോൾ അത് വായിക്കുന്നവർ അത് ശരിയാണ് എന്ന് ധരിക്കുകയും ചെയ്യുന്നു
1.അബദ്ധ ധാരണ1 :- ആശുപത്രികളിൽ കേസുകൾ കുറവാണ് അതുകൊണ്ടുതന്നെ തളിപ്പറമ്പ് പരിധിയിൽ മഞ്ഞപ്പിത്ത വ്യാപനം ഇല്ല. ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം എന്നുള്ളത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ട ഒരു രോഗമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള മരുന്നുകൾ കഴിക്കുകയും വീട്ടിൽ തന്നെ തുടർച്ചയായി രണ്ടാഴ്ചയോളം തന്നെ വിശ്രമിക്കുകയും രോഗ സങ്കീർണതകൾ ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്യേണ്ട രോഗമാണ്. അത് കൊണ്ട് ആശുപത്രി യില്‍ കേസുകള്‍ കുറവും വീടുകളില്‍ കൂടുതലും ആയിരിക്കും.
2 :- ഇ കോളി എന്നുള്ള ബാക്ടീരിയ ആണ് മഞ്ഞപ്പിത്തം അഥവാ ടൈറ്റസ് ഉണ്ടാക്കുന്നത് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത് ബാക്ടീരിയയെ അല്ല. Hepatitis വൈറസ് ആണ് എന്നുള്ളതാണ് ശരി. ഇത് ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു അസുഖമല്ല
അബദ്ധ ധാരണ 3 :- വൈറസിനെ വെള്ളത്തിൽ നിന്നും വേർതിരിച്ച് എടുത്താൽ മാത്രമേ ആ വെള്ളത്തിൽ നിന്ന് തന്നെയാണ് മഞ്ഞപ്പിത്ത ബാധ ഉണ്ടായത് എന്ന് സ്ഥിരീകരിക്കാൻ ആയിട്ട് സാധിക്കു. വെള്ളത്തിൽ നിന്നും വൈറസിനെ വേർതിരിച്ചെടുത്ത് ടെസ്റ്റ് ചെയ്ത് കിട്ടുവാൻ ആയിട്ട് ഏറെ പ്രയാസവും വിഷമകരവുമാണ് എന്നും അത് കൊണ്ട് തന്നെ വൈറസ് നെ കിട്ടാന്‍ ഉള്ള ടെസ്റ്റ് നടത്താറില്ല എന്നുള്ളതും ആണ് ശരി
അബദ്ധ ധാരണ 4 :- ഒരു വെള്ളം ടെസ്റ്റ് ചെയ്ത് വൈറസിനെ കിട്ടിയില്ല എങ്കിൽ ആ വെള്ളത്തിന് പ്രശ്നമില്ല. ടെസ്റ്റ് ചെയ്യുമ്പോൾ മലത്തിന്റെ അംശം ഉണ്ടോ എന്നുള്ളതാണ് നോക്കുന്നത്. മലത്തിന്റെ അംശം തെളിയുന്നത് വെള്ളത്തില്‍ നിന്നും മലത്തെ വേർതിരിച്ചു എടുക്കുമ്പോൾ അല്ല. പകരം ഇ കോളി എന്നുള്ള ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ്. എന്നാൽ ഈ ബാക്ടീരിയ അല്ല മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. മനുഷ്യന്റെ കുടലില്‍ സ്വതവേ വളരുന്ന ഒരു ബാക്ടീരിയ ആണ് ഇ കോളി. ഈ ബാക്ടീരിയയുടെ സാന്നിധ്യം ജലത്തിൽ മനുഷ്യന്റെ കുടലില്‍ നിന്നും പുറത്തേക്ക് വരുന്ന പദാര്‍ത്ഥം അഥവാ മലം കലർന്നിട്ടുണ്ട് എന്നുള്ളതിനെ സൂചിപ്പിക്കുന്നു
അബദ്ധ ധാരണ 5 :- വാട്ടർ ടാങ്കിലും ലോറികളിലും ഗുഡ്സ് ഓട്ടോയിലും സപ്ലൈ ചെയ്യുന്ന വെള്ളത്തിൽ ഒരു തവണ ടെസ്റ്റ് ചെയ്യുമ്പോൾ ഇ കോളി യെ കണ്ടെത്തിയില്ല എങ്കിൽ പിന്നെ ആ വെള്ളം എപ്പോഴും കുടിക്കുവാൻ ആയിട്ട് ഉപയോഗിക്കാം. എല്ലാതവണ ടെസ്റ്റ് ചെയ്യുമ്പോഴും ഇ-കോളി ബാക്ടീരിയയെ കിട്ടണമെന്നില്ല എന്നുള്ളതാണ് ശരി. അത് കൊണ്ട് തന്നെ ഇത്തരം വെള്ളം എപ്പോഴും ക്ലോറിനെറ്റ് ചെയ്തോ തിളപിച്ചു ആറ്റിയോ മാത്രം ഉപയോഗിക്കുക
അബദ്ധ ധാരണ 6 :- ഞാന്‍ ഉപയോഗിക്കുന്നത് വാട്ടര്‍ ഫില്‍ടര്‍ ലെ വെള്ളം ആണ് . അത് കൊണ്ട് കുഴപ്പം ഇല്ല. വൈറസ് നെ നശിപ്പിക്കുന്നതില്‍ വാട്ടര്‍ ഫില്‍ട്ടര്‍കള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനേ ഇല്ല. അല്പം എങ്കിലും വൈറസ് നെ നശിപ്പിക്കുന്നു എങ്കില്‍ അത് Ultra Violet ഫില്‍ട്ടറുകള്‍ മാത്രമാണ്. എങ്കിലും അതിന്റെ exposure നല്ല രീതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ വൈറസ് നശിക്കുകയുള്ളൂ.
അബദ്ധ ധാരണ 7 :- തളിപ്പറമ്പ് മേല്‍ വിലാസം ഉള്ളവര്‍ക്ക് മഞ്ഞപിത്തം ഇല്ല. കുറവാണ് അതുകൊണ്ടുതന്നെ തളിപ്പറമ്പ് പരിധിയിൽ മഞ്ഞപ്പിത്ത വ്യാപനം ഇല്ല. ഒരു വൈറസ് ഉം മേല്‍ വിലാസം നോക്കി അല്ല ആക്രമിക്കുന്നത്. കൂടാതെ വൈറസ് നു മുനിസിപ്പാലിറ്റി - പഞ്ചായത്ത് ബോര്‍ഡറുകള്‍ ഇല്ല. ഒരു ഔട്ബ്രെക് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എങ്ങനെ ആണ് രോഗം പകര്‍ന്നു കിട്ടിയത് എന്നാണ് നോക്കുക. വൈറസ് അഡ്രസ് നോക്കി ആക്രമിക്കാത്തത് പോലെ അവരുടെ അഡ്രസ്സ് നും അവിടെ പ്രസക്തി ഇല്ല. നിലവില്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ചു നടക്കുന്ന ഔട്ബ്രെക് ല്‍ 450 ല്‍ കൂടുതല്‍ രോഗികള്‍ ആയി. ഇത് ജില്ലയിലെ രോഗികളുടെ പകുതിയോളം വരും.
മഞ്ഞപ്പിത്തം ഇവിടെ പടർന്നു പിടിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന്റെ കയ്യിൽ പഠനങ്ങൾ ഒന്നുമില്ല എന്നുള്ള തെറ്റായ ധാരണയും ഉണ്ട്
മഞ്ഞപ്പിത്തം പടരുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്.
1.ഒരു രോഗിയുടെ മലത്തിലൂടെ അയാള്‍ രോഗിയായിരിക്കുന്ന അവസ്ഥയിൽ വൈറസ് പുറത്തേക്ക് പോകുന്നു. ഇപ്രകാരം പുറത്തേക്ക് പോകുന്ന വൈറസ് അടങ്ങിയ ഈ മലം ഏതെങ്കിലും കാരണവശാൽ നമ്മൾ കുടിക്കുവാൻ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുമായിട്ട് കലരുകയാണെങ്കിൽ അതിൽ ആ വൈറസ് കാലങ്ങളോളം ജീവിച്ചിരിക്കും. ആ വെള്ളം നമ്മൾ പിന്നീട് തിളപ്പിക്കാതെ കുടിക്കുകയാണെങ്കിൽ വൈറസ് നമ്മുടെ ശരീരത്തിൽ കടക്കുകയും അപ്രകാരം നമുക്ക് അസുഖം ഉണ്ടാക്കുകയും ചെയ്യും.
2.അസുഖം വരുന്നത് രണ്ടാമത്തെ രീതി എന്നുള്ളത് ആൾക്കാരുടെ വൃത്തിഹീനമായ ജീവിതശൈലിയാണ്. അതായത് കക്കൂസിൽ പോയി കഴിഞ്ഞാൽ സ്വാഭാവികമായിട്ടും അവരുടെ കയ്യിൽ മലത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു ഇത് സോപ്പിട്ട് കഴുകി വൃത്തിയാക്കിയില്ല എങ്കിൽ മലത്തിലൂടെ പുറത്ത് എത്തുന്ന വൈറസ് പിന്നീട് ഈ രോഗി ഇടപഴകുന്ന ആൾക്കാരിലേക്ക് എത്തുകയും അവർക്ക് ഈ വൈറസ് വഴി രോഗം ഉണ്ടാവുകയും ചെയ്യുന്നു.
നിലവിൽ ആരോഗ്യവകുപ്പും പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് തളിപ്പറമ്പ് പരിധിയിലെ മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ച് വ്യാപകമായ ഫീല്‍ഡ് സര്‍വേ നടത്തി. ഇതില്‍ നിന്നും മനസ്സിലായത് താഴെ പറയുന്ന കാര്യങ്ങളാണ്.
1.ഹോട്ടലുകളിലും ജ്യൂസ് കടകളിലും തട്ട് കടകളിലും ചെന്ന് വെള്ളം ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നവരിലാണ് അസുഖം ഉണ്ടാകുന്നത്. മറ്റു ഭക്ഷണം കഴിച്ചു എന്ന് പറയുന്നവരില്‍ രോഗം പൊതുവേ കുറവാണ്. ഇതിനുള്ള കാരണം, കുടിക്കാൻ ആയിട്ട് കൊടുക്കുന്ന വെള്ളത്തിൽ ആ വെള്ളം തിളപ്പിച്ചു കഴിഞ്ഞാലും അത് തണുക്കുവാൻ ആയിട്ട് സാധാരണ ജലം ചേർക്കുന്നതാണ്. അപ്പോള്‍ വൈറസ് നശിക്കില്ല. അതുപോലെതന്നെ എല്ലാ കടകളിലും ജ്യൂസ് ഉണ്ടാക്കാൻ ആയിട്ട് ഉപയോഗിക്കുന്നത് തിളപ്പിച്ചാറാതെയുള്ള വെള്ളമാണ്. ഇപ്രകാരം ഉള്ള പാനീയങ്ങള്‍ ആണ് പല ഹോട്ടലുകളും കൂള്‍ ബാറുകളും കൊടുക്കുന്നത്. ഈ വെള്ളം കുടിക്കുന്നത് വഴി ആൾക്കാർക്ക് അസുഖം ഉണ്ടാകുന്നു.
2.അസുഖബാധിതനായ ഒരു വ്യക്തി അയാൾക്ക് രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്നേമുതൽ രോഗ ലക്ഷണങ്ങൾ ആരംഭിച്ച രണ്ട് ആഴ്ച വരെ അയാളുടെ മരത്തിലൂടെ ഇനി വൈറസിനെ പുറന്തള്ളി കൊണ്ടിരിക്കുന്നു. ഈ ഒരു വേളയിൽ അയാൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ അയാൾ ഈ മലവും അതുപോലെതന്നെ വൈറസിനെയും മറ്റുള്ളവർക്ക് കൈമാറുകയും അങ്ങനെ വീട്ടിലും അതുപോലെതന്നെ അവർ ഇടപഴുകുന്ന മറ്റ് ജോലി സ്ഥലത്തും ജിം പോലെയുള്ള പൊതുസ്ഥലങ്ങളിലും ഉള്ള ആൾക്കാർക്ക് അസുഖം കൊടുക്കുന്നു. ഒന്നാമത്തെ പോയിന്റ് ല്‍ പറഞ്ഞ പോലെ പുറത്തു പോയി പാനീയം കുടിച്ചതിനു ശേഷം വരുന്ന മഞ്ഞ പിത്ത അസുഖം ആ രോഗി വീട്ടില്‍ ഉള്ള മറ്റുവര്‍ക്ക് നല്‍കുന്നത് രോഗിയുടെ ഈ വൃത്തി ഹീനമായ ശീലം (കക്കൂസില്‍ പോയി വന്ന ശേഷം കൈ കഴുകാത്ത) കാരണമാണ് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്
തളിപ്പറമ്പ് പരിധിയിൽ വിതരണം ചെയ്യുന്ന ടാങ്കർ കുടിവെള്ളം ഒരുതവണ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ അതിനകത്ത് റിസൾട്ട് നെഗറ്റീവ് ആണ് അതുകൊണ്ടുതന്നെ ആ വെള്ളം കുടിക്കുന്നതിന് തടസ്സമില്ല എന്നുള്ള തെറ്റായ ധാരണയും ഉണ്ട്.
1.മേൽ സൂചിപ്പിച്ച ഫീല്‍ഡ് സര്‍വേയിലും അതിന്‍റെ ഭാഗമായുള്ള പരിശോധനകളിലും തെളിഞ്ഞ രണ്ടാമത്തെ കാര്യം എന്നുള്ളത് തളിപ്പറമ്പ് പരിധിയിലെ പല ജ്യൂസ് കടകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഹോട്ടല്‍ ലൈസൻസ് ലഭ്യമാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റിയുടെ അല്ലെങ്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും ആ കണക്ഷനിൽ നിന്നും വെള്ളം ഉപയോഗിക്കുന്നത് വളരെ കുറച്ചു മാത്രമാണ്. രാവിലെ മുതൽ രാത്രി വരെ തുറന്നിരിക്കുന്ന പല ഹോട്ടലുകളിലും കേരള വാട്ടർ അതോറിറ്റിയുടെ വെള്ളം ഉപയോഗിച്ച് വരുന്ന ബിൽ പ്രതിമാസം 500 രൂപയിൽ താഴെ മാത്രമാണ് എന്ന് പരിശോധനയിൽ കണ്ടെത്തി. അതിന്റെ അർത്ഥം ലൈസൻസ് ലഭ്യമാക്കുന്നതിന് ആയിട്ട് മാത്രം ഈ ഒരു കേരള വാട്ടർ അതോറിറ്റി/ജപ്പാന്‍ കുടിവെള്ള കണക്ഷൻ ഉപയോഗിക്കുകയും അതേസമയം തന്നെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെ കുടിവെള്ള വിതരണത്തെ ആശ്രയിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. മേല്‍ സൂചിപ്പിച്ച ഫീല്‍ഡ് സര്‍വെയില്‍ കണ്ടെത്തിയത് ഇപ്രകാരമുള്ള സ്വകാര്യ കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്ന ഹോട്ടലുകൾ കൂൾബാറുകൾ ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ പോയി വെള്ളം അല്ലെങ്കിൽ ജ്യൂസ് അല്ലെങ്കിൽ മറ്റു പാനീയങ്ങൾ കഴിക്കുന്നവർക്കാണ് മഞ്ഞപ്പിത്ത അസുഖം ബാധിച്ചിട്ടുള്ളത് എന്നുള്ളതാണ്.
2.അതുപോലെതന്നെ കണ്ടെത്തിയ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഏഴാം മൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവർ സ്ഥിരമായി ഉപയോഗിച്ചിരുന്നത് അവിടുത്തെ കിണർ വെള്ളം ആയിരുന്നു. എന്നാൽ വെള്ളത്തിന്റെ അഭാവം കാരണം തളിപ്പറമ്പിലെ പ്രശസ്തമായ ഒരു സ്വകാര്യ കുടിവെള്ള വിതരണക്കാരുടെ വെള്ളം എടുക്കുകയും ആ വെള്ളം ഉപയോഗിച്ചതിന് ശേഷം കൃത്യം ഒരു മാസത്തിനുശേഷം അവിടെയുള്ളവർക്ക് എല്ലാം ഒരുമിച്ചു മഞ്ഞപ്പിത്തം വരികയും ചെയ്തു. ഇതിനു കാരണം അവര്‍ ആ കുടിവെള്ള വിതരണക്കാരുടെ വെള്ളം കുടിച്ചതാണ്
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു
1.വീട്ടില്‍ എപ്പോഴും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. പച്ച വെള്ളം കുടിക്കാതിരിക്കുക. ഫ്രിഡ്ജ് ല്‍ വെള്ളം നിറച്ചു വെക്കുമ്പോഴും അത് തിളപ്പിച്ചാറിയ വെള്ളം ആണെന്ന് ഉറപ്പു വരുത്താതെ ഇരിക്കുക.
2.വാട്ടര്‍ ഫില്‍ടര്‍ കളിലെ വെള്ളവും നേരിട്ട് കുടിവെള്ളം ആയി ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ വാട്ടര്‍ ഫില്‍ട്ടര്‍ കളിലെ വെള്ളം എടുത്തു വാട്ടര്‍ അതോറിറ്റിയില്‍ പരിശോധിച്ച് അതില്‍ മാലിന്യം ഇല്ല എന്ന് കൃത്യമായ ഇടവേളകളില്‍ ഉറപ്പ് വരുത്തുക.
3.അത് പോലെ പുറത്തു പോകുമ്പോൾ എപ്പോഴും ഒരു ബോട്ടിൽ കുടിവെള്ളം കരുതുക. ആ വെള്ളം മാത്രം കുടിക്കുക
4.ഹോട്ടലുകൾ ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള തിളപ്പിച്ച പാനീയങ്ങൾ അല്ലെങ്കിൽ തിളപ്പിച്ച വെള്ളം തണുപ്പിച്ചതിനു ശേഷം ഉണ്ടാക്കുന്ന പാനീയങ്ങൾ അല്ലാതെ മറ്റു പാനീയങ്ങൾ ഒന്നുതന്നെ കുടിക്കാതിരിക്കുക. ഏതെങ്കിലും പാനീയം കുടിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഏതുതരത്തിലുള്ള വെള്ളം കൊണ്ട് ഉണ്ടാക്കിയത് ആണ് എന്നുള്ളത് അന്വേഷിച്ചു ഉറപിച്ചതിനു ശേഷം മാത്രം കുടിക്കുക
5.ഒരു മഞ്ഞപ്പിത്ത രോഗി അയാളുടെ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് ഒരാഴ്ച മുൻപേ തന്നെ അയാളുടെ മലത്തിലൂടെ അയാൾ വൈറസിനെ പുറന്തള്ളാൻ ആരംഭിക്കും. അതുകൊണ്ടുതന്നെ അയാൾ കക്കൂസില്‍ പോയി വന്ന ശേഷം സോപ്പിട്ടു കൈ കഴുകിയില്ല എങ്കില്‍ മറ്റുള്ളവർക്ക് ഹസ്തദാനം കൊടുക്കുകയോ അല്ലെങ്കിൽ മറ്റു പ്രതലത്തില്‍ സ്പർശിക്കുകയോ ചെയ്യുമ്പോൾ അതിലേക്ക് വൈറസിനെ വ്യാപിപ്പിക്കും.
6.ഈ രോഗിയുമായി ഇപ്രകാരം ബന്ധപ്പെടുന്ന ആള്‍ സോപ്പിട്ടു കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോള്‍ അയാളുടെ ശരീരത്തിലേക്കും ഈ വൈറസ് എത്തി അയാളും രോഗി ആയി മാറുന്നു. അങ്ങിനെ ആണ് ഒരാള്‍ മറ്റൊരാള്‍ക്ക് രോഗം നല്‍കുന്നത്. എന്നാൽ
7.സോപ്പ് ഈ വൈറസിനെ നന്നായി നശിപ്പിക്കും. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ പോയി വരികയോ അല്ലെങ്കിൽ മറ്റുള്ളവരുമായി ഇടപഴകിയോ ചെയ്തതിനുശേഷം ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരികയാണെങ്കിൽ നിർബന്ധമായും സോപ്പിട്ട് കൈ കഴുകിയതിനുശേഷം മാത്രം നാം ഭക്ഷണം കഴിക്കുക
8.മലത്തിലൂടെ പുറത്തേക്ക് പോകുന്ന വൈറസ് പുറത്തുള്ള പ്രതലത്തിൽ ഏറെനേരം ജീവിച്ചിരിക്കും. അതുകൊണ്ടുതന്നെ ശുചിമുറികൾ വളരെയധികം വൃത്തിയായി സൂക്ഷിക്കുക.
9.ശുചിമുറി ഉപയോഗിച്ചതിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക. അങ്ങനെ കൈയിൽ പിടിച്ചിരിക്കാൻ സാധ്യതയുള്ള വൈറസിനെ നശിപ്പിക്കുന്നു.
10.മഞ്ഞപിത്തരോഗിയായിട്ടുള്ളവര്‍ നിര്‍ബന്ധമായും 2 ആഴ്ച മറ്റുള്ളവരുമായി ഇടപഴകാതെ ഐസോലെഷനില്‍ കഴിയുക. അല്ലെങ്കില്‍ അവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു നല്‍കും
11.കുടിവെള്ളത്തിന്റെ അഭാവം കാരണം സ്വകാര്യ കുടിവെള്ള വിതരണക്കാരുടെ കുടിവെള്ളം എടുക്കുകയാണെങ്കിൽ അത് ശുദ്ധീകരിച്ചതിനു ശേഷമോ ക്ലോറിനേഷൻ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കുക. അതിന്റെ ശുദ്ധത ഉറപ്പ് വരുത്താനുള്ള മറ്റു നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
12.അവർ ലഭ്യമാക്കുന്ന കുടിവെള്ള ടെസ്റ്റ് റിപ്പോർട്ടുകളുടെ സാധുതയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ ആണോ ഈ വെള്ളം ടെസ്റ്റ് ചെയ്യുന്നതിന് ആയിട്ട് എടുത്തിട്ടുള്ളത് എന്ന് അന്വേഷിച്ച് അറിയേണ്ടതാണ്
13.പലപ്പോഴും ആരോഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ അല്ലാതെ മറ്റേതെങ്കിലും കിണറുകളിൽ നിന്നോ അല്ലെങ്കിൽ കിണറുകളിൽ അമിതമായി ബ്ലീച്ചിങ് പൗഡർ കലർത്തിയതിനു ശേഷം എടുക്കുന്ന വെള്ളമോ ആണ് ടെസ്റ്റ് ചെയ്യാൻ ആയിട്ട് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ചെറുക്കുന്നതിനായിട്ട് വെള്ളം ടെസ്റ്റ് ചെയ്യാൻ ആയിട്ട് എടുക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ തന്നെ വേണമെന്ന് കർശനമായി നിഷ്കർഷിച്ചിട്ടുണ്ട്.
14.അതുപോലെതന്നെ സ്വകാര്യ കുടിവെള്ള വിതരണക്കാരുടെ കുടിവെള്ളത്തിന്റെ സ്രോതസ്സ് ഏതാണ് എന്നുകൂടി ഈ കുടിവെള്ളം ഉപയോഗിക്കുന്നവർ അന്വേഷിക്കേണ്ടതാണ്. പലപ്പോഴും കിണറുകൾക്ക് പകരം തോടുകളോ മറ്റ് മലിനമായ ജലാശയങ്ങളിൽ നിന്നോ കുടിവെള്ളം വിതരണത്തിന് എടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
15.അതുപോലെതന്നെ കുടിവെള്ള വിതരണ പദ്ധതിക്കാർ അവരുടെ വെള്ളം കുടിവെള്ളത്തിന് മാത്രമാണോ വിതരണം ചെയ്യുന്നത് അതോ കോൺക്രീറ്റ് നിർമ്മാണ മേഖലയ്ക്ക് അടക്കം കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടോ എന്നുള്ളത് അന്വേഷിക്കേണ്ടതാണ്. കാരണം ഒരേ ടാങ്കറിൽ തന്നെ നിർമ്മാണ മേഖലയിലേക്കുള്ള വെള്ളം തോടുകളിൽ നിന്നും മറ്റും എടുത്തുകൊണ്ടുപോവുകയും പിന്നീട് ആ ടാങ്കർ വൃത്തിയാക്കാതെ കുടിവെള്ള വിതരണത്തിനായിട്ട് തളിപ്പറമ്പ് മേഖലയിൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെയും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു
Jaundice