തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കണ്ണൂർ, തളിപ്പറമ്പ് നഗരങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ക്വിൻ്റലിലധികം നിരോധിത പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തളിപ്പറമ്പ് മാർക്കറ്റിലെ എച്ച്എച്ച് പാക്കറ്റ് സെൻ്റർ, കണ്ണൂരിലും തളിപ്പറമ്പിലും പ്രവർത്തിക്കുന്ന ബേക്കേഴ്സ് ഇൻ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് ഗ്ലാസുകൾ തുടങ്ങിയവ പിടിച്ചെടുത്തത്.
നിയമ പ്രകാരം രേഖപ്പെടുത്തേണ്ട കമ്പനിയുടെ പേരോ ഉൽപാദന വിവരങ്ങളോ ഇല്ലാത്ത ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികളെടുക്കാൻ കണ്ണൂർ കോർപ്പറേഷനും തളിപ്പറമ്പ് നഗരസഭയ്ക്കും സ്ക്വാഡ് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡിനൊപ്പം അതാത് നഗരസഭകളിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.
Banned plastic seized