തളിപ്പറമ്പ്: ഉറ്റവരെ ഉരുളെടുത്തപ്പോൾ ചളിയിൽ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവൻ നൽകി തളിപ്പറമ്പ് സി എച്ച് സെൻ്ററിൽ നിന്നുള്ള രക്ഷാപ്രവർത്തകർ. ജീവകാരുണ്യ പ്രവർത്തകനായ നജ്മുദിൻ പിലാത്തറ. മുണ്ടക്കൈ മേഖലയിലെ തകർന്ന വീടുകൾക്കിടയിൽ തിരച്ചിൽ നടത്തുമ്പോഴാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളിൽ നിന്ന് പൂച്ചയുടെ ശബ്ദം കേട്ടത്. ആ വീട് കയറി പരിശോധിച്ചപ്പോൾ വീണ്ടും പൂച്ചയുടെ ശബ്ദം കേട്ടു. കയ്യിൽ കിട്ടിയ പൈപ്പ് ഉപയോഗിച്ച് ചളി കുത്തി നീക്കിയപ്പോഴാണ് മണ്ണിൽ പൊതിഞ്ഞ പൂച്ചയെ കണ്ടത്. ഉടൻ അവിടെ നിന്നും കിട്ടിയ പുതപ്പിൽ പൂച്ചയെ പൊതിഞ്ഞെടുത്ത് സന്നദ്ധ പ്രവർത്തകർ പുറത്ത് എത്തിച്ചു.
രണ്ട് ദിവസമായി പട്ടിണി കിടക്കുന്നതിനാൽ അവശയായ പൂച്ചയ്ക്ക് വെള്ളവും, ഭക്ഷണവും നൽകി. സ്ഥലത്ത് ഉണ്ടായിരുന്ന രജിസ്റ്റേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇതിൽ ഇടപെടുകയും തുടർന്ന് ചികിത്സ അടക്കുള്ള ആവശ്യമായ പരിചരണങ്ങൾക്കായി വെറ്റിനറി വകുപ്പിന് ഏൽപ്പിക്കുകയും ചെയ്തു.ഇത് കൂടാതെ മറ്റൊരു പൂച്ച, പട്ടികുട്ടി, പശുക്കിടാവ് എന്നീ മിണ്ടാപ്രാണികളേയും ഇവർ രക്ഷപ്പെടുത്തി. ഇന്നലെയാണ് തളിപ്പറമ്പ് സി എച്ച് സെൻ്ററിൻ്റെ രക്ഷാപ്രവർത്തകർ രണ്ട് ഫ്രീസർ ആംബുലൻസ്, മയ്യിത്ത് പരിപാലനവിംഗ് എന്നിവയടക്കം ദുരന്തമുഖത്ത് എത്തിയത്.
Mundakkai