ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ. സോണാർ സിഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.
ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.


ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
Search for Arjun enters ninth day