തളിപ്പറമ്പ: ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരേ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.മുഹമ്മദലി പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരമേറ്റതിനുശേഷം രാജ്യത്ത് ഒമ്പതിലധികം മനുഷ്യരെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിൽ മാത്രം മൂന്ന് മുസ്ലിം പണ്ഡിതന്മാരെയാണ് കൊലപ്പെടുത്തിയത്.
പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ജാർഖണ്ഡിൽ ഇരുചക്ര വാഹനം ഓട്ടോറിക്ഷയിൽ ഉരസിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ അക്രമികൾ സംഘടിച്ചെത്തി പള്ളി ഇമാമിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ജയ്പൂരിൽ നാരങ്ങാ ലോഡുമായി പോയ യുവാക്കളെ ഗോരക്ഷാ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചു. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ വ്യാപകമായ കലാപം നടത്തി. സായുധ അക്രമികൾ പരസ്യമായി തല്ലിക്കൊലകൾ തുടരുമ്പോൾ പോലിസ് ഇരകൾക്കെതിരേ മോഷണം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്.
ദിനേനയെന്നോണം തല്ലിക്കൊലകൾ വർധിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളുടെ മൗനം സംഘപരിവാരത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. ഫാഷിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ നടക്കുന്ന പ്രതിക്ഷേധ പരിപാടികളിൽ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിൻ്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മണ്ഡലം സെക്രട്ടറി ജാഫർ , ഓർഗനൈസിങ് സെക്രട്ടറി ഇർഷാദ്.സി മണ്ഡലം ട്രഷറർ മുസ്തഫ കേളോത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്യം നൽകി.
sdpi protest