തളിപ്പറമ്പ്: പട്ടുവം മംഗലശേരി വയലിൽ തീച്ചാമുണ്ഡി കോലം കെട്ടി 101 തവണ കനലാട്ടം നടത്തിയ തെയ്യം കലാകാരൻ സുഹാസ് മംഗലശേരിയെ 'പണിക്കർ ' ആചരപേരും പട്ടും വളയും നല്കി ആദരിച്ചു. പട്ടുവം വലിയമതിലകം ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മുരളി നമ്പൂതിരിയാണ് ആചാരപേരും, പട്ടും വളയും നല്കിയത്.
മംഗലശേരി വയൽ തിറ രക്ഷാധികാരികളായ കളരിക്കൽ ബാലൻ നമ്പ്യാർ, കളരിക്കൽ ചന്തുക്കുട്ടി നമ്പ്യാർ, പ്രസിഡണ്ട് കെ വി പ്രദീപൻ, സെക്രട്ടരി ടി ടി സുരേഷ്, ട്രഷറർ രാമചന്ദ്രൻ സാന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മംഗലശേരി കളരിക്കൽ വയനാട്ടു കുലവൻ ക്ഷേത്രത്തിലും സുഹാസ് പണിക്കർ അനുഗ്രഹം തേടിയെത്തിയിരുന്നു. വിഷ്ണു മൂർത്തി ,കുട്ടി ശാസ്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, പൊട്ടൻ, രക്തചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങൾ മുപ്പതിയാറുകാരനായ സുഹാസ് പണിക്കർ കെട്ടിയാടിയിട്ടുണ്ട്.
ചീമേനി മുണ്ട്യക്കാവ്, ചെറുകുന്ന് കോത്തില കോട്ടം, എടക്കാട് കുന്നോത്ത് മന, പട്ടുവത്തെ വടക്കേക്കാവ്, മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്രം, മുതുകുട കടാങ്കോട് ക്ഷേത്രം, പട്ടുവം പ്രദേശത്തെ നിരവധി തറവാടു ക്ഷേത്രങ്ങളിലും കോലാ ധാരിയാണ് സുഹാസ് പണിക്കർ.
പൂനയിലെ ഒരു ലിമിറ്റഡ് കമ്പനിയിൽ ഉദ്യോഗസ്ഥനായ സുഹാസ് മംഗലശേരിയിലെ ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ച ഒ സി രാമകൃഷ്ണൻ്റെയും എടക്കാട് സ്വദേശി സി പി അനിതയുടെയും മകനാണ് . കാസർക്കോട്ചെറുവത്തൂരിലെ ആതിര കെ രാമനാണ് ഭാര്യ. വിദ്യാർത്ഥിയായ അമർചന്ദ് മകനാണ്.
suhas mangalassery