തളിപ്പറമ്പ്: വേണമെങ്കിൽ 'ചക്ക വേരിലും കായ്ക്കും ' എന്ന പഴഞ്ചൊല്ലി നോട് ചേർത്തു വയ്ക്കാവുന്ന ഒന്നാണ് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്തിൻ്റെ മട്ടുപ്പാവ് കൃഷിയിലെ വിജയം. ഏക്കർ കണക്കിന് സ്ഥലമില്ലെങ്കിലും താൽപര്യമുണ്ടെങ്കിൽ കൃഷിയിൽ വിജയഗാഥ രചിക്കാമെന്നും തെളിയിക്കുകയാണ് ബിരുദാനന്തര ബിരുദധാരിയായ ഈ വീട്ടമ്മ. കഴിഞ്ഞ നാലു വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം ഫലവൃക്ഷങ്ങൾ കൃഷി ചെയ്തു വരികയാണ് ഷൈമത്ത്.
വീടിന് ചുറ്റുമുള്ള അഞ്ച് സെന്റിലും വീടിന്റെ മുകള്‍ നിലയിൽ രണ്ട് സെൻ്റിലുമായി മുന്നൂറോളം ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നു. ഗ്രോബാഗിലാണ് എല്ലാ ചെടികളും ഉള്ളത്. ഇക്കൂട്ടത്തില്‍ നാടന്‍ തൈകള്‍ക്കൊപ്പം വിദേശ ഇനങ്ങളുമുണ്ട്. വീട്ടാവശ്യത്തിനുള്ള കൃഷിയൊക്കെ ചെയ്തിരുന്ന കാര്‍ഷിക പാരമ്പര്യമുള്ള ഷൈമത്തിന് ചെറുപ്പത്തിൽ തന്നെ കൃഷിയോട് താൽപര്യമുണ്ടായിരുന്നു. എം എ പൊളിറ്റിക്സ് പഠിച്ച ഷൈമത്ത് കൊവിഡ് കാലത്താണ് ഫലവൃക്ഷ കൃഷിയിലേക്ക് വന്നത്. മുപ്പത്ത് ഗ്രോ ബാഗുകളിലാണ് കൃഷി ആരംഭിക്കുന്നത്. പിന്നീട് കൃഷി വിപുലപ്പെടുത്തുകയായിരുന്നു. കൃ
ഷി മെച്ചപ്പെടുത്തുന്നതിന് സാമൂഹിക മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മകളില്‍ ചേര്‍ന്നു. കൃഷി രീതികളൊക്കെ പഠിക്കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ സഹായകമായിട്ടുണ്ട്. ഓരോ പുതിയ കൃഷി അറിവും പരീക്ഷിച്ചു നോക്കിയാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയത്. ഇപ്പോൾ മുപ്പത് ഗ്രോബാഗില്‍ നിന്ന് വളര്‍ന്ന് മൂന്നുറിലേറെ ഗ്രോ ബാഗുകളിലെത്തി നില്‍ക്കുകയാണ്. ഡ്രാഗണ്‍, അനർ, അരസ ബോയ് , ബെർ ആപ്പിൾ, സീഡ് ലെസ് ലെ മൺ, ആന്ധ്ര ലെമൻ, ആസ്സാം ലെ മൺ, റെഡ് ലെ മൺ, പാക്കിസ്ഥാൻ ലെമൺ, ഹരിയാന ഓറഞ്ച്, നാഗ്പൂർ ഓറഞ്ച്, കൽക്കട്ട ഓറഞ്ച്, ഭൂട്ടാൻ ഓറഞ്ച്, ബ്ലഡ് ഓറഞ്ച്, ദൽഹരി ചാമ്പ, തായി ചാമ്പ, ബാങ്കോoഗ് ചാമ്പ, മലേഷ്യൻ ചാമ്പ, ബാലി ചാമ്പ, റെഡ് ചാമ്പ, യല്ലോ ചാമ്പ, ഗ്രീൻ ചാമ്പ, വൈറ്റ് ചാമ്പ, വിയറ്റ്നാം ചാമ്പ, ബനാന ചിക്കു , ജംബോ റെഡ് ചിക്കു , കലാപതി ചിക്കു , തായ്ലൻഡ് ചിക്കു , ക്രിക്കറ്റ് ബോൾ ചിക്കു , സ്ട്രോബെറി പേര, കിലോ പേര, തായി പേര, ജപ്പാൻ പേര, മുന്തിരി പേര, ഇന്ത്യൻ മുസ്സമ്പി ,വെറി ഗേറ്റഡ് മുസ്സബി, വിയറ്റ്നാം മൂസ്സ ബി, മിസ്സോറിയോ യല്ലോ മൂസ്സബി, ആഫ്രിക്കൻ വലൻഷ്യ, പാക്കിസ്ഥാൻ സ്വീറ്റ് മൂസ്സബി, മെടുസ പൈനാപ്പിൾ, ഹാൻഡ്പൂൾ പൈനാപ്പിൾ, മുള്ളില്ല പൈനാപ്പിൾ, നൈജീരിയൻ പൈനാപ്പിൾ, നാടൻ പൈനാപ്പിൾ, മനില ടെൻ നീസ് ബോൾ ചെറി, സ്വീറ്റ് ലൂബി, റെയിൻബോ കരിമ്പ്, ഗോൾഡൻ സീത പഴം, റെഡ് സീത പഴം, ഗ്രീൻ സീത പഴം, പലവിധ മാങ്ങകൾ, ചക്ക, റം ബൂട്ടാൻ, എന്നിവയുടെ വിവിധ വകഭേദങ്ങൾ ഷൈമത്തിൻ്റെ ശേഖരത്തിലുണ്ട്.
ജൈവരീതിയിലുള്ള വള പ്രയോഗമാണ് അവലംബിക്കുന്നത്. തെണ്ണൂറ് ശതമാനം ഇനങ്ങളും വിളവ് നൽകി തുടങ്ങിയിട്ടുണ്ട്. ഫലവർഗങ്ങൾ വീട്ടുകാർക്കുള്ളത് കഴിഞ്ഞ് ബാക്കി പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നതിലെ സന്തോഷമാണ് നിലവിൽ ആദായമെന്ന് ഷൈമത്ത് അഭിപ്രയപ്പെട്ടു ബംഗാൾ, ഹൈദരാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ചെടികൾ സംഘടിപ്പിക്കുന്നത്. പലതും വിലയേറിയതാണ്. ഗ്രോബാഗിൽ വളർത്തിയെടുത്ത് കൂടുതൽ ഈടു നിൽക്കുന്ന പ്ലാസ്റ്റിക്ക് ചട്ടികളിലേക്ക് ചെടികൾ മാറ്റാനും ചെടികൾ ഉൽപാദിപ്പിച്ച് വിപണനം നടത്തിയും കൃഷി വിപുലമാക്കണമെന്നാണ് ആഗ്രഹമെന്ന് ഷൈമത്ത് പറയുന്നു.
വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് ഷഹീറും, വിദ്യാർത്ഥികളായ മക്കൾ ഹഫ്സ, ഫാത്തിമ, ഫാസില, പ്രവാസിയായ സഹോദരൻ ഷാനിൽ ,ഉപ്പ എ മുഹമ്മുദ്, ഉമ്മ കെ ആയിഷ എന്നിവരടങ്ങുന്ന കുടുംബം ഷൈമത്തിൻ്റെ കാർഷിക പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. വ്യത്യസ്തമായ കൃഷിയെക്കുറിച്ചറിഞ്ഞ് പട്ടുവം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത, പഞ്ചായത്ത് മെമ്പർമാരായ ടി വി സിന്ധു, പി പി സുകുമാരി, പട്ടുവം കൃഷി ഓഫിസർ രാഗിഷ രാമദാസ്, കൃഷി അസിസ്റ്റൻറ് കെ മനോജ് കുമാർ എന്നിവർ ഫല വൃക്ഷ കൃഷി സന്ദർശിച്ച് ഷൈമത്തിനെ അഭിനന്ദിച്ചിരുന്നു.
K Shaimath