തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായി. ആദ്യം തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമാണ് തീരുമാനമായിരിക്കുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലാണ് ബസ്.

നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷം ബസ് കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുക്കും. ബസിന്റെ പരിപാലനച്ചുമതല കെഎസ്ആർടിസിക്കാണ്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചർച്ച നടക്കുന്നതായാണ് സൂചന.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. ബസ് വാടകയ്ക്ക് കിട്ടുമോ എന്നുചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേർ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്
Nav Kerala Bus