മാങ്ങാട്ടുപറമ്പ: വംശീയ കലാപത്തിന്റെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് ധനസഹായവുമായി ഗ്രാന്മ. ഉപരിപഠനത്തിനായി കണ്ണൂർ സവരകലാശാലയിലെത്തിയ മണിപ്പൂരിലെ കുക്കി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പഴയകാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാന്മ ധനസഹായവുമായി എത്തിയത്ത്. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടന്ന ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനവും ധനസഹായവിതരണവും എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ധനസഹായം സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഏറ്റുവാങ്ങി. കലാപത്തിന്റെ സാഹചര്യത്തിൽ മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ സർവകലാശാല തീരുമാനിക്കുകയും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു. അത്തരത്തിൽ പ്രവേശനം നേടുകയും നിലവിൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഹിസ്റ്ററി എന്നീ പഠനവകുപ്പുകളിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികളുടെ പഠന ചെലവുകളാണ് ആദ്യഘട്ടത്തിൽ ഗ്രാന്മ ഏറ്റെടുത്തിരിക്കുന്നത്. സർവകലാശാലയിൽ എത്തിയ മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ധനസഹായം ആവശ്യമാണെന്ന് അറിയുകയും ഉടൻതന്നെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഗ്രാന്മയിലെ അംഗവുമായ ഡോ. ടി വി രാമകൃഷ്ണൻ കൺവീനറും ഒ വി വിജയൻ ചെയർമാനുമായി മണിപ്പുർ വിദ്യാർത്ഥി സഹായ കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു എന്ന് ഗ്രാന്മ അറിയിച്ചു.
ഗ്രാന്മ സെക്രട്ടറി ടി മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അഡ്വ. എ പി ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. മണിപ്പുർ വിദ്യാർത്ഥി സഹായ കമ്മിറ്റി കൺവീനർ ഡോ. ടി വി രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. താങ്ക്ചാങ്കം ഹോംകിപ്, ലാൽ മിൻ താങ് കിപ്‌ഗേൻ എന്നിവർ മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു, കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ ടി പി അഖില, കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് കളക്ടീവ് പ്രതിനിധി കെ പി അനീഷ്കുമാർ, മാങ്ങാട്ടുപറമ്പ ക്യാമ്പസ് യൂണിയൻ ചെയർമാൻ എ തേജസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒ വി വിജയൻ ചടങ്ങിൽ നന്ദി പറഞ്ഞു.
Granma Funding