തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ പുരോഗതിയാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടായത്.മണ്ഡലത്തിലെ എൽ പി,യു പി,ഹൈ സ്കൂൾ,ഹയർ സെക്കണ്ടറി തുടങ്ങി എല്ലാ മേഖലയിലും വലിയ പുരോഗതി ഉണ്ടാക്കാൻ സാധിച്ചു. മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ പുതിയ കെട്ടിടം ഉദ്‌ഘാടനവും,ഒരു കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനവും ജൂൺ 11 ന് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിർവഹിക്കും.

കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ 2 കോടി രൂപ ചെലവിൽ നിർമ്മിച്ച വടക്കാഞ്ചേരി എൽ പി സ്കൂൾ കെട്ടിടവും 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കാലിക്കടവ് ഹൈ സ്കൂൾ കെട്ടിടവും ആണ് മന്ത്രി ഉദ്‌ഘാടനം നിര്വഹിക്കുന്നത്. കൂടാതെ 3 കോടി രൂപ ചെലവിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനവും മന്ത്രി നിർവഹിക്കും. 2 കോടി രൂപ ചെലവിൽ നിർമിക്കുന്ന പനക്കാട് എൽ പി സ്കൂൾ,പെരുമാച്ചേരി എൽ പി സ്കൂൾ എന്നിവയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.കോടല്ലൂർ ജി എൽ പി സ്കൂൾ കെട്ടിടം,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മോറാഴ 3 കോടി, ഗവ ഹൈ സ്കൂൾ തടിക്കടവ് ഒരു കോടി,ഗവ ഹൈ സ്കൂൾ കുറ്റ്യേരി 1 കോടി,ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചട്ടുകപ്പാറ 1 കോടി 30 ലക്ഷം,ടാഗോർ വിദ്യാനികേതൻ 3 കോടി, ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുറുമാത്തൂർ 1 കോടി,ഗവ.മാപ്പിള യു പി സ്കൂൾ തളിപ്പറമ്പ് 2 കോടി,ഗവ എൽ പി സ്കൂൾ ചേലേരി 2 കോടി,ഗവ ഹൈ സ്കൂൾ ചെറിയൂർ 1 കോടി 85 ലക്ഷം,മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ 1 കോടി 50 ലക്ഷം,മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂൾ 1 കോടി,കെ കെ എൻ പരിയാരം സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ 5.5 കോടി തുടങ്ങി 30 കോടിയിലധികം തുകയുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലായി നടക്കുകയാണ്.
മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും ഈ മാറ്റം പഠന രംഗത്ത് കുട്ടികൾക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും ഇത് വിജയ ശതമാനത്തിൽ അടക്കം കാണാൻ സാധിച്ചിട്ടുണ്ടെന്നും എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇനിയും സ്കൂളുടെ വികസനത്തിൽ മികച്ച പ്രവർത്തനം നടത്തുമെന്നും ആവശ്യമായ എല്ലാ കാര്യങ്ങളും മണ്ഡലത്തിലെ സ്കൂളുകളിൽ ഉറപ്പ് വരുത്തുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
education institutes at thalipparamba