ധര്‍മ്മശാല:ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭയാകാൻ ഒരുങ്ങി ആന്തൂർ. 28 വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റി യോഗങ്ങള്‍ മാര്‍ച്ച് 25 ന് പൂര്‍ത്തിയായി. 50 വീടുകളുടെ ക്ലസ്റ്ററുകള്‍ ഓരോ വാര്‍ഡിലും രൂപീകരിച്ച് വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കിലോവിന് 12 രൂപ നല്‍കി നിര്‍മാര്‍ജനം ചെയ്യുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടം നടക്കുക. സമ്പൂര്‍ണ്ണ ശുചിത്വ നഗര പ്രഖ്യാപനം ഏകോപിപ്പിക്കാന്‍ നഗരസഭ ചെയര്‍മാന്‍, ക്ലീന്‍ സിറ്റി മാനേജര്‍ , സെക്രട്ടറി, സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പരിശോധിക്കാനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും കോവിഡ് കാലത്തിന് സമാന്തരമായ നിലയില്‍ നഗരസഭയില്‍ ‘വാര്‍ റൂം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരപരിധിയിലെ പള്ളി കമ്മിറ്റി ഭാരവാഹികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, രക്ഷാകര്‍തൃ സമിതികള്‍, വ്യവസായ പ്ലോട്ടിലെ സംഘടന ഭാരവാഹികള്‍, വ്യാപാരി- വ്യവസായികള്‍, ലോഡ്ജ് ഉടമകള്‍, പറശ്ശിനി ശ്രീ മുത്തപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍, കെ.എ.പി ക്യാമ്പ്, എന്‍ജിനീയറിംഗ് കോളേജ്, എംവിആര്‍ ആയുര്‍വേദ ആശുപത്രി, തുടങ്ങി എല്ലാ സ്ഥാപന മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു. കൗണ്‍സിലര്‍മാര്‍ , ആശാ വര്‍ക്കര്‍ മാര്‍ , ഹരിത സേനാ അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തു. അവരവര്‍ക്ക് ചുമതലയുള്ള പ്രദേശങ്ങള്‍ നിശ്ചയിച്ച് ശുചീകരിക്കാനുള്ള കലണ്ടര്‍ തയ്യാറാക്കി.

നഗരസഭാതല പ്രവര്‍ത്തന പരിപാടി മാര്‍ച്ച് 30ന് പ്രസിദ്ധീകരിക്കാനും ഏപ്രില്‍ 10നകം ഒന്നാംഘട്ട ശുചീകരണo ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടത്താനും തീരുമാനിച്ചു. വലിച്ചെറിയല്‍ മുക്ത നഗരസഭ , വാര്‍ഡ്,സ്ഥാപനം എന്ന നിലയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിക്കാന്‍ സംവിധാനവും ഒരുക്കി. സഞ്ചാരികളെയും ടൂറിസ്റ്റുകളെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ വിവരം അറിയിക്കാന്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. എല്ലാ വാര്‍ഡുകളിലും പൊതു റോഡുകളില്‍ ഇത്തരം മാലിന്യ ശേഖരണത്തിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുo. ഇതിനായി പ്രാദേശികമായി പ്രചരണ ബോര്‍ഡുകള്‍ 100 മീറ്റര്‍ പരിധിയില്‍ സ്ഥാപിക്കും. വാര്‍ഡ്തല ശുചിത്വ പ്രഖ്യാപനം ഏപ്രില്‍ 30-നകം എല്ലാ വാര്‍ഡുകളിലും നടക്കും.
എല്ലാ വീടുകളും ക്ലസ്റ്റര്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പാക്കും. പുതുതായി നിര്‍മ്മിച്ച വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും റിംഗ് കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനം സബ്‌സിഡിയില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ശുചിത്വ പരിപാലനവുമായി സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. മേല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മോണിറ്ററിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിറ്റി രൂപീകരിക്കും. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവ് സഹിതം നഗരസഭയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും .
പൊതുമാലിന്യ നിക്ഷേപ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. പൊതുസ്ഥാപനങ്ങളുടെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തില്‍ തുടര്‍ശുചീകരണം നടത്താന്‍ ഓരോ പ്രദേശത്തിനും ചുമതല നല്‍കും. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നഗരസഭയെ അറിയിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ചെയര്‍മാന്‍ പി.മുകുന്ദന്‍ അഭ്യര്‍ത്ഥിച്ചു.
aandhoor minicipality