സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം.കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവ്വേഷൻ 2024ൽ ആന്തൂർ നഗരസഭയ്ക്ക് ഉജ്ജ്വല നേട്ടം. സ്വച്ഛ് സർവ്വേക്ഷനിൽ മുൻവർഷത്തെക്കാൾ മികച്ച റാങ്ക് കൈവരിച്ചതോടൊപ്പം ഗാർബേജ് ഫ്രീ സിറ്റി 1 സ്റ്റാർ പദവി, ODF + സർട്ടിഫിക്കേഷൻ എന്നീ നേട്ടങ്ങളും നഗരസഭ കരസ്ഥമാക്കി. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനതലത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആന്തൂർ നഗരസഭയ്ക്ക് കേന്ദ്ര സർവ്വേയിൽ ലഭിച്ച ഈ നേട്ടം അഭിമാനാർഹമാണ്. 2023ൽ 2345 ഉണ്ടായിരുന്ന നാഷണൽ റാങ്ക് ഇത്തവണ 222 ആയി ഉയർത്താൻ സാധിച്ചു. കൃത്യമായ ആസൂത്രണം പൊതുജനങ്ങളുടെ പങ്കാളിത്തം, ഹരിത കർമ്മ സേനയുടെ പ്രവർത്തനം, സ്കൂൾ കോളേജ് ശുചിത്വ ക്ലബ്ബുകൾ, ആരോഗ്യ വിഭാഗത്തിന്റെ കൂട്ടായ പ്രവർത്തനം,മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഐ ഇ സി പ്രവർത്തനങ്ങൾ,കപ്പാസിറ്റി ബിൽഡിംഗ് പരിപാടികൾ, ശുചിത്വ മിഷൻ, നവകേരള മിഷൻ എന്നിവരുടെ നിർദ്ദേശങ്ങളും ഇടപെടലുകളും തുടങ്ങിയവയാണ് നഗരസഭയെ ഉയർന്ന വിജയത്തിലേക്ക് എത്തിച്ചത്. 2023- 24 കാലഘട്ടത്തിൽ നഗരസഭ പലതരത്തിലുള്ള ശുചിത്വ പരിപാടികളാണ് നടപ്പിലാക്കിയത്. ഡോർ ടു ഡോർ കളക്ഷൻ 100% ലേക്ക് എത്തിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ട്വിൻ ബിന്നുകളും പൊതുജന ബോധവൽക്കരണ ബോർഡുകളും സ്ഥാപിച്ചു. നടപ്പാത സൗന്ദര്യവൽക്കരണത്തിന് തുടക്കം കുറിച്ചു. ശുചിത്വ ബോധം ജനങ്ങളിലേക്ക് എത്തിക്കുവാനായി ശുചിത്വ സന്ദേശങ്ങളോട് കൂടിയ ചുമർചിത്രങ്ങൾ ഒരുക്കി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട സംസ്കരണം ഉപാധികൾ വിതരണം ചെയ്തു. കുട്ടികളിൽ ശുചിത്വബോധം വളർത്തുവാനായി സ്കൂളുകളിൽ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്ത് സ്നേഹാരാമങ്ങളും സെൽഫി പോയിന്റും നിർമ്മിച്ചു. കടകളിൽ നിന്നും ജൈവമാലിന്യം ശേഖരിച്ച് വിൻഡ്രോ കമ്പോസ്റ്റിലെത്തിച്ച് വളമാക്കി വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കുന്നു. എല്ലാ പൊതു ടോയ്‌ലറ്റുകളും പ്രവർത്തനക്ഷമമാക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്തു.
ആർ ആർ ആർ സെന്റർ കൂടുതൽ വിപുലമാക്കുകയും പ്രചരണം നൽകുകയും ചെയ്തു. 28 മിനി എം സി എഫുകൾ പുതുതായി സ്ഥാപിച്ചു. പൊതു ടോയ്‌ലറ്റുകളിൽ ഡിജിറ്റൽ ഫീഡ്ബാക്ക് സിസ്റ്റം സ്ഥാപിച്ച് വൃത്തി പരിശോധിച്ചു വരികയും ചെയ്യുന്നു. പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ആവാൻ സാധ്യതയുള്ള ഇടങ്ങളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നു. കൂടാതെ സ്വച്ഛത ഹി സേവ, ക്ലീൻ ടോയ്ലറ്റ് ക്യാമ്പയിൻ, സഫായി അപ്നാവോ ഭീമാരി ബഗാവോ തുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും ഈ നേട്ടത്തിലേക്ക് എത്തിക്കാൻ നഗരസഭയെ സഹായിച്ചു. ജൈവ അജൈവ മാലിന്യ സംസ്കരണം 100% കൈവരിച്ച നഗരസഭ ഇനി സാനിറ്ററി മാലിന്യ സംസ്കരണത്തിലും ദ്രവമാലിന്യ സംസ്കരണത്തിലും സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി കൂടുതൽ നേട്ടങ്ങളിലേക്കുള്ള ആന്തൂരിന്റെ ജൈത്ര യാത്ര തുടരുന്നു.
Anthoor