പെരുമ്പാവൂരിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കൊച്ചി കലൂർ ആസ്ഥാനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. എന്നാൽ സംഭവം നടന്നത് പെരുമ്പാവൂർ മാറമ്പിള്ളിയിലുള്ള ബ്രാഞ്ചിലാണ് സംഭവം നടന്നത്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പു അറിയിച്ചു. എന്നാൽ പരാതി ഇല്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് പറയുന്നു.
ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ എന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടി എടുത്തില്ലെന്നുമാണ് അഞ്ചുമാസം സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ.
എന്നാൽ ശമ്പളം കിട്ടിയില്ലെന്ന പരാതിയാണ് ലഭിച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
Torture