തളിപ്പറമ്പ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒന്നര ടൺ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ഉണ്ടപറമ്പ് പ്രവർത്തിച്ചു വരുന്ന പ്രസ്റ്റീജ് പാക്കിങ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.
സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും ഗോഡൗണിൽ നിന്നും സ്ഥാപനത്തിന്റെ പുറകിൽ സ്ഥിതി ചെയ്യുന്ന വീടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഷെഡിൽ നിന്നുമാണ് വസ്തുക്കൾ സ്‌ക്വാഡ് പിടികൂടിയത്.ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, ഗാർബജ് ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ,പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലാസ്റ്റിക് സ്പൂണുകൾ തുടങ്ങിയ നിരോധിത ഉൽപ്പനങ്ങളാണ് സ്‌ക്വാഡ് പിടികൂടിയത്.


രണ്ടാം തവണയാണ് പ്രസ്റ്റീജ് പാക്കിങ് സൊല്യൂഷനിൽ നിന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വസ്തുക്കൾ പിടികൂടുന്നത്. സ്ഥാപനത്തിന് 25000 രൂപ പിഴയിട്ടു. നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു തളിപ്പറമ്പ നഗരസഭ ഹരിത കർമ സേനയ്ക്ക് കൈമാറി. തുടർ നടപടികൾ സ്വീകരിക്കാൻ തളിപ്പറമ്പ നഗരസഭയ്ക്ക് സ്‌ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രസിത പി രമ്യ കെ എം തുടങ്ങിയവർ പങ്കെടുത്തു.
One and a half tons of banned single-use plastic products