തളിപ്പറമ്പ് : മോറാഴ സമര ചരിത്ര സ്മാരക മ്യൂസിയവും ഗവേഷക ലൈബ്രറിയും നിർമ്മിക്കാൻ ആന്തൂർ നഗരസഭാ ബജറ്റിൽ തുക വകയിരുത്തി. രണ്ട് ലക്ഷം രൂപ ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാറ്റി വെച്ചു. ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ആന്തൂർ നഗരസഭക്ക് അൻപത് കോടി പത്ത് ലക്ഷത്തി തൊണ്ണൂറ്റിയാറായിരത്തി നാനൂറ്റിയെഴുത്തി മൂന്ന് കോടി രൂപ വരവും മുപ്പത്തിയൊമ്പത് കോടി പതിനേഴ് ലക്ഷത്തി നാൽപ്പതിനായിരത്തി എൺപത്തിയൊന്ന് കോടി രൂപ ചെലവും പത്ത് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷത്തി അൻപത്തിയാറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് രൂപ നീക്കിയിരിപ്പുമുണ്ട്.

നഗരസഭാ വൈസ് ചെയർമാൻ വി.സതീദേവി ഇന്ന് രാവിലെയാണ് ബജറ്റ് അവതരിപ്പിച്ചത്. മറ്റ് പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. നഗരസഭാ ആസ്ഥാന മന്ദിരത്തിന് 10 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചത് ആരംഭ ഘട്ടത്തിലാണ്. ഇതിനോടനുബന്ധിച്ച് ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് 2 കോടി രൂപ വകയിരുത്തി. തടയണ നിർമ്മാണത്തിന് 10 ലക്ഷം, പുതിയ മത്സ്യ-ഇറച്ചിമാർക്കറ്റിന് 25 ലക്ഷം, ആഴ്ച്ചച്ചന്തകൾക്ക് 5 ലക്ഷം, മുട്ടക്കോഴി വിതരണത്തിന് 20 ലക്ഷം, ഒരു വീട്ടിൽ ഒരു ചൂടാറാപ്പെട്ടി ക്ക് 20 ലക്ഷം, വയോജന കേന്ദ്രത്തിന് 10 ലക്ഷം, സമ്പൂർണ പാർപ്പിട പദ്ധതിക്ക് 50 ലക്ഷം, ജലാശയ സംരക്ഷണത്തിന് 40 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ.
നഗരസഭാ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്സൻ പി.കെ.ശ്യാമള, ഗംഗാധരൻ മാസ്റ്റർ, സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പങ്കെടുത്തു.
aanthoor budget