ഇരിട്ടി: കേസിൽപ്പെട്ട് സീൽ ചെയ്ത കടയിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിയെ തുറന്നു വിട്ടു. ഇരിട്ടിക്കടുത്തെ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെയാണ് കുരുവിയുടെ മോചനം നടന്നത്.

കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്‌ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിൽ രണ്ട് ദിവസമായി കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവിൽ പറന്നകന്നത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് ആറ് മാസം മുമ്പാണ് കട പൂട്ടി സീൽ ചെയ്‌തത്. സ്ഥാപനത്തിന്റെ്റെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിന്റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.
ചില്ലിനിടയിൽ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. പൂട്ടി സീൽ ചെയ്‌തതിനാൽ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. ഒടുവിൽ കുരുവിയെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ സാന്നിദ്ധ്യത്തിൽ നടപടി സ്വീകരിച്ചത്.
A sparrow