കണ്ണൂർ: ജില്ലയിലെ ഓഫീസുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30 നകം ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യ മുക്തം ക്യാമ്പയിനില്‍ ജനകീയ സഹകരണത്തിന്റെ കരുത്ത് ഉണ്ടാവണം. മാലിന്യനിര്‍മാര്‍ജനം ഗൗരവമുള്ള വിഷയമാണ്. ഇതിനുണ്ടാകുന്ന ചെറിയ അലംബാവം പോലും മാരകമായ രോഗങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെ അതാതിടങ്ങളില്‍ ക്യാമ്പയിന്‍ ഫലപ്രാപ്തിയിലെത്തിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി നല്‍കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ വിളിച്ചു ചേര്‍ത്തു മണ്ഡലതല അവലോകനയോഗം ചേര്‍ന്ന് മാര്‍ച്ച് അഞ്ചിനകം മണ്ഡലതല ഹരിത പ്രഖ്യാപനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. മാര്‍ച്ച് പത്തിനകം ജില്ലാതല പ്രഖ്യാപനം നടത്താനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ ആലോചിച്ചു. ടൗണുകള്‍, മാര്‍ക്കറ്റുകള്‍ പൊതുഇടങ്ങള്‍ തുടങ്ങി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ഇടങ്ങളും ഹരിത പദവി നേടാന്‍ അക്ഷീണം പ്രയത്നിക്കാന്‍ യോഗം തീരുമാനിച്ചു.
ഫെബ്രുവരി പകുതിയോടെ 100 ശതമാനം അയല്‍കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി മാറിയതിന്റെ പ്രഖ്യാപനം നടത്തണം. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത പദവിയില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക നിര്‍ദേശം നല്‍കി. ജനുവരി 26ന് ജില്ലയിലെ 50 ശതമാനം ടൂറിസ്റ്റ് കേന്ദ്രങ്ങളെയും മാര്‍ച്ച് 30ന് ജില്ലയിലെ 100 ശതമാനം ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിയണം. നൂറുശതമാനം കവറേജ്, യൂസര്‍ ഫീ, ജൈവമാലിന്യ സംസ്‌കരണം, ആവശ്യകതയുടെ അത്രയും മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍, എസ്.ടി.പി, എഫ്.എസ്.ടി.പി, ആര്‍ഡിഎഫ് പ്ലാന്റുകള്‍, സാനിറ്ററി മാലിന്യ സംസ്‌കരണം തുടങ്ങിയവയിലൂടെ മാലിന്യ കൂനരഹിത ജില്ല എന്ന നിലയിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും യോഗം വിലയിരുത്തി.
മണ്ഡലത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്നു എന്ന ലക്ഷ്യം നേടാന്‍ എംഎല്‍ എ മാരുടെ ഇടപെടല്‍ ആവശ്യമാണെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മണ്ഡലങ്ങളിലെ ബസ് സ്റ്റാന്റുകളുടെ ശുചിത്വം, ബ്യൂട്ടിഫിക്കേഷന്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ചടങ്ങുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുകള്‍ ബഹിഷ്‌കരിക്കുന്നതിന് നേതൃത്വം നല്കല്‍, ഒന്നിലധികം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ടൗണുകളിലെ ശുചീകരണം, മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവയില്‍ എംഎല്‍എമാര്‍ ഇടപെടണം. കൂടാതെ എം സി എഫ് പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഭൂമിയുടെ ലഭ്യത ഉറപ്പാക്കല്‍, ടൗണുകളിലൂടെ കടന്നുപോകുന്ന തോടുകളുടെ അവസ്ഥ പരിഹരിക്കാന്‍ ഫണ്ടിന്റെ ലഭ്യത, സ്ഥല ലഭ്യത, പ്രാദേശിക സഹകരണം എന്നീ പ്രശ്നങ്ങളിലും പരിഹാരം കാണണം. മിനി സിവില്‍ സ്റ്റേഷനുകള്‍, കോടതികള്‍, സര്‍വ്വകലാശാല ഫാമുകള്‍, തുടങ്ങിയവിടങ്ങളില്‍ മലിന ജല സംസ്‌ക്കരണം, ടോയ്‌ലറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാവാത്ത സാഹചര്യങ്ങളില്‍ ഇടപെടല്‍, ഡി.ടി.പി.സി ചുമതലയില്ലാത്ത ടൂറിസം കേന്ദ്രങ്ങളിലെ ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാന പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവ എംഎല്‍എമാരുടെ ഇടപെടല്‍ ആവശ്യമായ അടിസ്ഥാന വികസന പ്രശ്നങ്ങളാണെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ ഇതുവരെ 98 ടൗണുകളെ ഹരിത ടൗണുകളായും 248 പൊതു ഇടങ്ങളില്‍ 33 പൊതുഇടങ്ങളെ ഹരിത പൊതു ഇടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
4659 സ്ഥാപനങ്ങളില്‍ 2426 സ്ഥാപനങ്ങള്‍ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപനം നടത്തി. നിലവില്‍ 14478 അയല്‍ക്കൂട്ടങ്ങളെയാണ് ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ 1629 വിദ്യാലയങ്ങളില്‍ 1184 എണ്ണവും 110 കലാലയങ്ങളില്‍ 42 എണ്ണവും ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു. 34 ടൂറിസം കേന്ദ്രങ്ങളില്‍ ആറെണ്ണമാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം നടത്തിയത്. ക്യമ്പയിനുമായി ബന്ധപ്പെട്ട് ഓറിയന്റേഷന്‍ ആവശ്യമുള്ള ഓഫീസുകള്‍ക്ക് ശുചിത്വമിഷിനെ സമീപിക്കാവുന്നതാണെന്ന കോര്‍ഡിനേറ്റര്‍ അറിയിച്ചു
ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതോടൊപ്പം പദവി സ്ഥായിയായി നിലനിര്‍ത്തേണ്ടതുണ്ടെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്‍എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സോമശേഖരന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. എഡിഎം സി പദ്മചന്ദ്രക്കുറിപ്പ്, വകുപ്പ് മേധാവികള്‍, എംഎല്‍എമാരുടെ പ്രതിനിധികള്‍, വ്യാപാരി-ഹോട്ടല്‍ -കാറ്ററിങ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District level review meeting was held