തളിപ്പറമ്പ്: അനധികൃത ഓട്ടോ പാര്‍ക്കിംഗ് കാരണം ചിറവക്കിലെ വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതി വികസനസമിതി മുമ്പാകെ സമർപ്പിച്ച് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ. കേവലം ഏഴ് ഓട്ടോകള്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ അനുവാദമുള്ള ചിറവക്കില്‍ അതിലിരട്ടി ഓട്ടോകള്‍ രണ്ട് നിരയിലായി സ്ഥാപനങ്ങളുടെ മുൻപിൽ പാര്‍ക്ക് ചെയ്യുന്നത് കാരണം വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി കടന്നുചെല്ലാന്‍ സാധിക്കുന്നില്ലെന്നും ഇക്കാര്യം ചോദ്യം ചെയ്യുന്ന സ്ത്രീകളോട് പോലും ഡ്രൈവർമാർ മോശമായി പെരുമാറുകയാണെന്നും നിയമവിരുദ്ധമായ പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ ആര്‍.ടി.ഒ, പോലീസ്, നഗരസഭാ അധികൃതര്‍ കര്‍ശനമായി ഇടപെടണമെന്നും കെ.എസ്.റിയാസ് ആവശ്യപ്പെട്ടു.
വ്യാപാരികള്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഉത്തരവാദപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നതെന്നും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാലും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, ഈ സ്ഥിതി മാറണമെന്നും കെ.എസ്.റിയാസ് വികസനസമിതി മുമ്പാകെ പറഞ്ഞു.വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം, ഇവിടെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കേണ്ടത് വ്യാപാരികള്‍ മാത്രമാണെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്, ഇത് തിരുത്തിയേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷന്‍ ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജന്‍ എന്നിവരും വികസനസമിതി യോഗത്തില്‍ സംബന്ധിച്ചു. പ്രശ്‌നം ഗൗരവത്തില്‍ തന്നെയാണ് കാണുന്നതെന്നും പോലീസ്-ആര്‍.ടി.ഒ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാര കാണുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Illegal auto-rickshaw parking in Chirawak