തളിപ്പറമ്പ സി.പി.എമ്മി-ലെ ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് ബി.ജെ പി സംസ്ഥാന സമിതി അംഗം എ.പി ഗംഗാധരൻ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘത്തിൻ്റെ മറവിൽ നടന്ന ഈ വൻ ഇടപാടുകൾ സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണെന്നും സാധാരണക്കാർക്ക് സഹകരണ മേഖലയോടുള്ള വിശ്വാസത്തിൻമേൽ കടന്നുകയറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.എം നേതാക്കളുടെ അഴിമതിക്കും മറ്റും കരുവന്നൂർ ബാങ്ക് തട്ടിപ്പ് നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഉപയോഗിച്ചു കൊണ്ട് സി.പി.എം നടത്തുന്ന എല്ലാ ഇടപാടുകളും ED അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്നും, വലിയ അഴിമതിയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇതെന്നും, യഥാർത്ഥ അന്വേഷണമുണ്ടായാലേ സത്യം പുറത്തു വരികയുള്ളൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരൻ്റെ പാർട്ടി എന്ന് സ്വയം പറയുന്ന സി.പി.എം ഇന്ന് ഇത്തരത്തിലുള്ള നേതാക്കളുടെ ജീർണതയ്ക്ക് പച്ചക്കൊടി കാണിക്കുകയാണെന്നും, അതിൻ്റെ ഒരു ഭാഗം മാത്രമാണ് തളിപ്പറമ്പിലെ ഭൂമി വിവാദം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ ഈ ക്രമക്കേടിൽ മനംനൊന്ത അണികൾ പാർട്ടി വിടാനൊരുങ്ങുകയാണെന്നും അവർ ബിജെ.പി നേതൃത്വമായി ചർച്ചയ്ക്ക് വരുന്നുണ്ടെന്നും എ.പി അവകാശപ്പെട്ടു.
പ്രാദേശീക നേതാക്കളുടെ കൊള്ളരുതായ്മകൾക്ക് ചൂട്ട് പിടിക്കുന്ന മേൽഘടകത്തിൻ്റെ നടപടികൾ അണികളിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കൽ കമ്മിറ്റി അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി സത്യസന്ധമായ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതികൾ പുറത്തു കൊണ്ടുവരാൻ ED യുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും പത്രക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
BJP wants ED to investigate CPM's land dispute