തളിപ്പറമ്പ : കുറുമാത്തൂർ ഹൈസ്കൂൾ വിദ്യാർത്ഥിയെ മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കും. അതിഥി തൊഴിലാളിയുടെ മകനായ വിദ്യാർത്ഥിയെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചത്. വ്യാഴാഴ്ച്ചയാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇരിക്കൂറിലെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ ഇരിക്കവേ പ്ലസ്ടുവിൽ പഠിക്കുന്ന 12 വിദ്യാർത്ഥികൾ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
നേരത്തേ സ്കൂൾ ആരംഭ ദിനത്തിൽ ഇതേ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയിരുന്നു. മറ്റൊരു ദിവസം ബസ് സ്റ്റോപ്പിലെ മാലിന്യം വൃത്തിയാക്കാനും തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ കാല് പിടിക്കാനും വിദ്യാർത്ഥിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ അധ്യാപകർ ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചതാണ്. പിതാവ് വ്യാഴാഴ്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ ചികിത്സ നൽകിയതിനു ശേഷം സ്കൂൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികാരികളാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കും.
Ragging: Action against senior students