കണ്ണൂര്‍: കാലവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രകൃതിക്ഷോഭം നേരിടുന്നതിനായി കണ്ണൂര്‍ റൂറല്‍ പോലീസ് സജ്ജമായി. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. അതിന്റെ ജില്ലാ തല പരിശോധന പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് റൂറല്‍ ജില്ലാ ആസ്ഥാനത്ത് നിര്‍വഹിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ.സിബി, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പ്രേംജിത്ത്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ്കുമാര്‍ എന്നിവരും മറ്റ് നിരവധി പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി പോലീസിനെ കൂടി ഉപയോഗപ്പടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അതിനൂതനങ്ങളായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും എത്തിക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അഗ്നിശമനസേനയേയോ ദരന്തനിവാരണ സേനകളേയോ കാത്തുനില്‍ക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പോലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറച്ച് പൊതുജനങ്ങളെ സഹായിക്കുക എന്നതാണ് പോലീസ് ഇതുവഴി ഉദ്ദേശിക്കുന്നത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കെടുതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് വളരെ പെട്ടെന്നുതന്നെ റൂറല്‍ പോലീസ് ജില്ലയില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ പോലീസ് സേവനരംഗത്ത് ഇത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പായാണ് കണക്കാക്കുന്നത്.
Kannur Rural Police is ready to face the natural calamity