തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകൻ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലം ജില്ലയിലൂടെ നീങ്ങുകയാണ്. ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്.മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിടെയെത്തിയപ്പോൾ. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. പാർട്ടി നിശ്ചയിച്ച സമയക്രമം ആൾത്തിരക്കു മൂലം തുടക്കത്തിൽത്തന്നെ തെറ്റിയിരുന്നു. ദർബാർ ഹാളിൽനിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താൻ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂർ എടുത്തു.


14 വർഷം മുൻപ് മുഖ്യമന്ത്രിയായി ഭരണത്തിലിരുന്ന സെക്രട്ടേറിയറ്റ് ദർബാർഹാളിലെ പൊതുദർശനത്തിനു ശേഷം രണ്ടു മണിക്കാണ് വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾ സ്വീകരിച്ച ശേഷം മൃതദേഹം മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലേക്ക് ആനയിച്ചു. "കണ്ണേ കരളേ വിഎസേ.. ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ.. ഇല്ല ഇല്ല മരിക്കുകില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അലയൊലികൾ അന്തരീക്ഷത്തിൽ മുഴങ്ങവേയാണ് വിഎസ് സെക്രട്ടേറിയേറ്റിനോട് അവസാനയാത്ര പറഞ്ഞത്.
Vs