തളിപ്പറമ്പ: നഗരസഭയുടെ വിവിധ വാർഡുകളിലായി ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ മാലിന്യം കൂടിയിടുന്നതിനെതിരെ നടപടിയുമായി നഗരസഭ ആരോഗ്യ വിഭാഗം. ഒഴിഞ്ഞ പറമ്പുകളിൽ സമീപ കടകളിൽ നിന്നും, വീടുകളിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾ കൂട്ടവകാശികൾ ഉള്ളതും ഉടമകളെ കണ്ടെത്തുന്നതിന് പ്രയാസമുള്ളതും ആയതിനാൽ ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും,ഇതിന്റെ അടിസ്ഥാനത്തിൽ ഉടമകളോ, കൈവശക്കാരോ,ബന്ധപ്പെട്ടവരോ പ്രദേശം വൃത്തിയാക്കാത്ത സാഹചര്യത്തിൽ നഗരസഭ നേരിട്ട് മാലിന്യങ്ങൾ നീക്കം ചെയ്ത് അതിന്റെ ചെലവ് കക്ഷികളിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും. ഇത്തരം സ്ഥലം ഉടമകളെ കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് സർവ്വേ നമ്പർ സംഘടിപ്പിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് തീരുമാനിച്ചു.

നഗരസഭ പതിനാറാം വാർഡിൽ മാർക്കറ്റിന് സമീപം നാളുകളായി മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു നടപടികൾആരംഭിച്ചു. നഗരസഭയിലെ മറ്റ് സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളിൽ തന്നെ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിനും, ഉടമകൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ പൊതുജനാരോഗ്യ നിയമം, കേരള മുൻസിപ്പാലിറ്റി ആക്ട്, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം സ്ഥലം നഗരസഭ ഏറ്റെടുത്ത് പൊതുവായ പാർക്കുകൾ ആക്കുന്നതിനും, സംരക്ഷിക്കുന്നതിനും കൗൺസിൽ മുമ്പാകെ റിപ്പോർട്ട് ചെയ്തു തീരുമാനമെടുക്കുന്നതാണ് എന്നും തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Garbage dumping in private fields