Categories
headlines

ഇന്ന് വെെക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം; ഇമ്മിണി ബല്യ ബഷീർ

ആധുനിക സാഹിത്യലോകത്തെ സാധാരണക്കാരന്റേതാക്കി മാറ്റിയ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീർ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇരുപത്തി ഏഴ് വർഷം തികഞ്ഞു.സ്വജീവിതാനുഭവത്തെ നർമത്തിലൂടെ വായനക്കാരിൽ എത്തിക്കുന്നതിൽ ബഷീറിയൻ സാഹിത്യം എല്ലാ നിലക്കും വിജയിച്ചതായി കാണാം. അശരണരുടെയും ആലംബഹീനരുടെയും കഥ തന്റെ സാഹിത്യത്തിന്റെ മുഖമുദ്രയാക്കിയ ബഷീർ ജീവിതത്തെ എഴുത്തിലൂടെ പകർത്തുകയായിരുന്നു.

ഭാഷപോലും അറിയാതെ അക്ഷരങ്ങളെ സാഹിത്യത്തിലേക്ക് കോറിയിട്ട ഈ മനുഷ്യൻ ഉന്നതിയുടെ പടവുകൾ താണ്ടിയത് വളരെ പെട്ടെന്നായിരുന്നു. മലയാള സാഹിത്യത്തെ തന്റെതായ വഴിയിലൂടെ ആവാഹിച്ചെടുത്ത ബഷീറിന് നാടൻ ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും സാധിച്ചു.തമസമേറിയ പാതയിൽ നിന്നും പ്രകാശധാരയിലേക്ക് കൈ പിടിച്ചുയർത്തിയ കഥാതന്തുക്കളായിരുന്നു ബഷീറിന്റെ ആവനാഴിയിലെ ഏറ്റവും വലിയ അസ്ത്രം.ഒരു പക്ഷെ മനുഷ്യരാശിയുടെ ഉൽപത്തിയെ നിർവിഘ്നം ചോദ്യം ചെയ്ത ഒരു കാലത്ത് എഴുതി തുടങ്ങിയത് കൊണ്ടാവാം ബഷീറിന് ഈ പാത പ്രിയങ്കരമായതും.

ഒട്ടും ജാടകളില്ലാതെ വ്യത്യസ്തമായി എഴുതിയാണ് ബഷീർ വിശ്വത്തോളം ഉയർന്നത്. അദ്ദേഹത്തോളം ജീവിതാനുഭവങ്ങൾ ഒരു സാഹിത്യകാരനും ഉണ്ടായിട്ടില്ല. ഹോട്ടൽ ജീവനക്കാരനായും പത്രപ്രവർത്തകനായും സൂഫിയായും സന്യാസിയായും ബീഡിതെറുപ്പുകാരനായും ബഷീർ ജീവിച്ചു. മന്ത്രവും തന്ത്രവും ബഷീറിന് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു.

തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കഥയിലൂടെ മാലോകർക്ക് കാണിച്ചു കൊടുക്കാനും, ധർമത്തെ നർമത്തിലൂടെ പ്രതിഫലിപ്പിക്കാനുമുള്ള ബഷീറിന്റെ കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു. ജീവിത സങ്കീർണതയെ സ്വാനുഭവത്തിലൂടെ വരച്ചു കാട്ടുന്ന ഒരു ഹൃദയത്തിന്റെ ഉടമയായത് കൊണ്ടാവാം ജീവിതത്തെ കുറിച്ചുള്ള യാതൊരു ചിന്തയും ബഷീറിനെ തൊട്ടു തീണ്ടാതിരുന്നതും.അത് കൊണ്ട് തന്നെയായിരിക്കും മരണത്തെ കുറിച്ച് അദ്ദേഹം എഴുതിയത്. ”മരണമെന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുകയോ ചെയ്യുന്നില്ല. മരണം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. മരണം വരുമ്പോൾ വരട്ടെ….”

വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ‘ശബ്ദങ്ങളും’ ടെലിസ്‌ക്രീനിലൂടെ ലോകം പരിചയിച്ച ‘മതിലുകളും’ അദ്ദേഹത്തിന്റെ കഥകളിൽ വേറിട്ടു നിൽക്കുന്നു. കൂടാതെ സ്ത്രീലോകത്തിന്റെ കൊള്ളരുതായ്മകളും, സ്ത്രീയെ സ്ത്രീയാക്കിയതുമായ ‘പാത്തുമ്മയുടെ ആട്’ ജനമനസ്സുകൾ സ്വീകരിച്ചതും പെട്ടെന്നായിരുന്നു.കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിൽ ജനിച്ച ബഷീർ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി വിദ്യാഭ്യാസം പോലും പാതി വഴിയിൽ ഉപേക്ഷിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ജയിൽവാസവും തുടർന്ന് ഊരും പേരും അറിയാത്ത സ്ഥലങ്ങളിലൂടെ അലഞ്ഞു നടന്ന് ഭക്ഷണത്തിനായി നിരവധി ജോലികൾ ചെയ്തു ഒടുവിൽ നാട്ടിൽ തിരിച്ചെത്തി ബുക്ക്സ്റ്റാൾ ആരംഭിച്ചതും ബഷീറിന്റെ മറ്റൊരു ലോകം.

ബഷീർ കൃതികൾ

പ്രേമലേഖനം-1943, ബാല്യകാലസഖി -1944, ജന്മദിനം-1945, ഓർമ്മക്കുറിപ്പ് -1946, അനർഘനിമിഷം -1946, ശബ്ദങ്ങൾ-1947, കുട്ടികളുടെ സ്വർഗം-1948, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു -1951, മരണത്തിന്റെ നിഴൽ -1951, മുച്ചീട്ടുകളിക്കാരന്റെ മകൾ-1951,പാവപ്പെട്ടവരുടെ വേശ്യ-1952, സ്ഥലത്തെ പ്രധാന ദിവ്യൻ-1953, ആനവാരിയും പൊൻകുരിശും-1953,ജീവിതനിഴൽ പാടുകൾ-1954,വിശ്വവിഖ്യാതമായ മൂക്ക്-1954, വിശപ്പ്-1954, പാത്തുമ്മയുടെ ആട്-1959, മതിലുകൾ-1965, ഒരു ഭഗവദ്ഗീതയും കുറെ മുലകളും-1967, താരസ്പെഷ്യൽസ്-1968, മാന്ത്രികചെപ്പ്-1968, ആനപ്പൂട-1975, ചിരിക്കുന്ന മരപ്പാവ-1975, ഭൂമിയുടെ അവകാശികൾ- 1977, ശിങ്കിടി മുങ്കൻ-1991, സർപ്പയത്നം.

അവാർഡുകൾ

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്-1976
കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്-1981
പത്മശ്രീ-1982
ഗമസ്കാരദീപം അവാർഡ്-1987
ഡി.ലിറ്റ് ബിരുദം-1987
ലളിതംബിക അന്തർജനം പുരസ്‌കാരം-1992
പ്രേം നസീർ അവാർഡ്-1992
മുട്ടത്ത് വർക്കി അവാർഡ്- 1992
വള്ളത്തോൾ പുരസ്‌കാരം-1993
അരങ്ങ്കലാസാഹിത്യ പുരസ്‌കാരം-1994..

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP