തളിപ്പറമ്പില്‍ ഇറച്ചികോഴികളുമായി വന്ന ലോറി കടത്തി കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

By | Tuesday January 12th, 2021

SHARE NEWS

തളിപ്പറമ്പ്: ഇറച്ചി കോഴികളെ വിതരണം ചെയ്യാനെത്തിയ ലോറി ഡ്രൈവറെയും ക്ലീനറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബന്ധിയാക്കിയ ശേഷം പട്ടാപ്പകല്‍ ലോറിയും ഇറച്ചികോഴികളും മൊബൈല്‍ ഫോണുകളും കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കുപ്പം സ്വദേശിയും ചൊറുക്കള ശാന്തിക്കരി താമസക്കാരനുമായ കെ.പി ഹൗസില്‍ കെ.പി ഷെഹീറി (40) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാര്‍, എസ്.ഐമാരായ എ.ആര്‍ ശാര്‍ങ് ധരന്‍, ചന്ദ്രന്‍ സിവില്‍ പോലിസ് ഓഫിസര്‍ ശിഹാബ്, വനിതാ സിവില്‍ പോലിസ് ഓഫിസര്‍ ഷിജി എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ പോയ പ്രതിയെ റെയ്ഡ് നടത്തി പിടികൂടിയത്.

വെള്ളാവിലെ ഫാമില്‍ നിന്നും ഇറച്ചി കോഴികളെ വിതരണത്തിനായി ചപ്പാരപ്പടവ് ഭാഗത്തെത്തിയമഹീന്ദ്ര പിക് അപ്പ് പാലത്തിന് സമീപം വച്ച് അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കോഴി വിതരണക്കാരനായ ശ്രീകണ്ഠാപുരം നെടിയേങ്ങ സ്വദേശിയായ ഡ്രൈവര്‍ ഷനോജ്, ക്ലീനറായ സഹോദരന്‍ കിരണ്‍ എന്നിവരെ മാരകായുധങ്ങളുമായെത്തിയ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം ഇരുവരുടെയും മൊബൈല്‍ ഫോണും, ലോറിയും 21 പെട്ടി ഇറച്ചി കോഴികളെയും കടത്തികൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെട്ട സഹോദരങ്ങള്‍ തളിപ്പറമ്പ് പോലിസിലെത്തി പരാതി നല്‍കുകയായിരുന്നു. ഷനോജിന്റെ പരാതിയില്‍ കേസെടുത്ത പോലിസ് ചൊറുക്കളയിലെ വീട്ടില്‍ റെയ്ഡ് നടത്തി തട്ടിയെടുത്ത മൊബൈല്‍ ഫോണും പ്രതിയെയും കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

അതേസമയം, തട്ടിയെടുത്ത വാഹനത്തിനും കൂട്ടുപ്രതികള്‍ക്കുമായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇറച്ചികോഴി ബിസിനസുമായി ബന്ധപ്പെട്ട് കുപ്പം സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വധഭീഷണി മുഴക്കി ഇറച്ചിക്കോഴികളെയും വാഹനവും കടത്തി കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലിസ് നല്‍കുന്ന സൂചന

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read