തളിപ്പറമ്പ് :കോവിഡ് 19 ന്റെ ആഘാതത്തില്‍ നിന്ന് പതിയെ തിരിച്ചു വരികയാണ് തളിപ്പറമ്പ് .ദിവസങ്ങള്‍ക്കു ശേഷം ലോക് ഡൗണില്‍ നേരിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ ജീവിതത്തെ ആ പഴയ പാതയിലേക്ക് കൊണ്ടു വരികയാണ് ജനങ്ങള്‍.
കൃത്യമായ നിര്ദ്ധേശങ്ങളോടെ വ്യാപാര സഥാപനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും തുറന്നതോടെ വിപണിയും സജീവമാകുന്നുണ്ട്. മുഖാവരണവും സാനിറ്റൈസറും എല്ലായിടത്തും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിന്റെ ഭാഗമായി തളിപ്പറമ്പ മാര്‍ക്കറ്റില്‍ 13 ഇടങ്ങളില്‍ നഗരസഭയുടെ സഹായത്തോടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിരീക്ഷിക്കാനും നടപടികള്‍ എടുക്കാനുമായി തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ പോലീസ് കണ്ട്രോള് റൂമും തുറന്നു. മാര്‍ക്കറ്റിലെ കടകളില്‍ എത്തുന്നവരും കടക്കാരും സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്ക്ക് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ട്രോള് റൂം വഴി നിരീക്ഷിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മാര്‍ക്കറ്റില്‍ ഇതിന്റെ ഭാഗമായി സ്ഥാപിച്ച ബോക്സ് വഴി മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുണ്ട്.
കടകളിലെത്തുന്നവര്‍ മാസ്കുകള്‍ ധരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ല.
കെ എസ് ആര് ടി സി യും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് തുടങ്ങിയതും ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.എന്നാല്‍ യാത്രക്കാരുടെ ക്ഷാമം ബസ് സര്‍വ്വീസിനെയും ബാധിക്കുന്നുണ്ട്. ചെറിയ പെരുന്നാള്‍ അടുക്കുമ്പോഴും വിപണിയില്‍ കാര്യമായ കച്ചവടം നടക്കാത്തത് വ്യാപാരികളെ കുഴക്കുന്നുണ്ട്.
കാര്യങ്ങള്‍ പഴയ പോലെ ആവും എന്നതില്‍ ഒരു നിശ്ചയവുമില്ലെങ്കിലും തളിപ്പറമ്പ് പതിയെ പോവുകയാണ് നഷ്ടപ്പെട്ട ജീവിതതാളം തിരിച്ചു പിടിക്കാന്‍