പരിയാരം: കേരളാ ജേര്‍ണലിസ്റ്റ് യൂണിയനില്‍ (കെ ജെ യു)അഫിലിയേറ്റ് ചെയ്ത ആദ്യത്തെ പ്രസ്ക്ലബ്ബായ പരിയാരം പ്രസ്ക്ലബ്ബ് മാര്‍ച്ച് ഒന്നിന് ഒന്‍പത് മണിക്ക് ടി.വി.രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ദേശീയ പാതക്ക് അഭിമുഖമായി താഹിറാ ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് പ്രസ്ക്ലബ്ബ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ്, ഔഷധി മേഖലാ സെന്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം പഞ്ചായത്തുകളുടെ സംഗമഭൂമിയിലാണ് പ്രസ്ക്ലബ്ബ് ആരംഭിക്കുന്നത്.
പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ കേരളാ ജേര്‍ണലിസ്റ്റ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത വടക്കേമലബാറിലെ ആദ്യത്തെ പ്രസ്ക്ലബ്ബാണ് പരിയാരത്തേത്. മൂന്ന് പഞ്ചായത്തുകളും അതിരിടുന്ന പ്രദേശത്ത് ആരംഭിക്കുന്ന പ്രസ്ക്ലബ്ബ് ഒരു പുതിയ വാര്ത്തായുഗപ്പിറവിയാണെന്ന് പ്രസിഡന്റ് ടി.വി.പത്മനാഭന് മാസ്റ്റര്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് പരിയാരത്തിന്റെ സ്വന്തം ലേഖകനെന്ന് അറിയപ്പെടുന്ന പ്രമുഖ പത്രപ്രവര്ത്തകന് പരേതനായ ഇകെജി എന്നറിയപ്പെടുന്ന ഇ.കെ.ഗോവിന്ദന് നമ്പ്യാരുടെ ഛായാചിത്രവും പ്രസ്ക്ലബ്ബ് ഹാളില്‍ പ്രകാശനം ചെയ്യും. പരിയാരം സി.ഐ- എം.ജെ.ജിജോ, കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രകാശന് പയ്യന്നൂര്‍, ജില്ലാ പ്രസിഡന്റ് ശ്രീനി ആലക്കോട്, സെക്രട്ടറി കെ.പി.രാജീവന്, ട്രഷറര്‍ ബി.കെ.ബൈജു, ചെറുതാഴം ഗ്രാമപഞ്ചായത്ത് അംഗം ടി.വി.ഉണ്ണികൃഷ്ണന്, കടന്നപ്പള്ളി പഞ്ചായത്തംഗം വി.എ.കോമളവല്ലി, പ്രണവ് പെരുവാമ്പ, അനില്‍ പുതിയവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.