Categories
headlines

ആണി വിഴുങ്ങിയ ഒന്നര വയസ്സുകാരന്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും പുതുജന്മം


കണ്ണൂർ (പരിയാരം) : മൂന്നിഞ്ച്‌ നീളമുള്ള ആണി വിഴുങ്ങിയ ഒന്നര വയസ്സുകാരന്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും പുതുജന്മം. പീഡിയാട്രിക്‌ സർജൻ ഡോ സിജോ കെ ജോണിന്റെ നേതൃത്വത്തിലാണ്‌ വൻ കുടലിന്റെ സീക്കം ഭാഗത്ത്‌ കുടുങ്ങിക്കിടന്ന മൂന്നിഞ്ച്‌ നീളമുള്ള ആണി, സങ്കീർണ്ണ ശസ്ത്രക്രിയ വഴി പുറത്തെടുത്തത്‌.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്‌ സംഭവം. വൈകീട്ട്‌ അമ്മൂമ്മയോടൊത്ത്‌ കളിച്ചുകൊണ്ടിരുന്ന, കാസർഗോഡ്‌ ഒടയഞ്ചാൽ നിവാസികളായ ദമ്പതികളുടെ ഒന്നരവയസ്സുള്ള കുഞ്ഞ്‌ കയ്യിൽ തടഞ്ഞ സാധനം പെട്ടെന്ന് വായിലേക്കിടുകയായിരുന്നു. ഉടൻ അമ്മൂമ്മ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും കുഞ്ഞ്‌ അത്‌ വിഴുങ്ങുന്ന സ്ഥിതിയാണുണ്ടായത്‌.

എന്തോ വിഴുങ്ങി എന്നുമാത്രം മനസ്സിലായതോടെ, കുട്ടിയെ ഉടൻ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും നടത്തിയ എക്സ്‌ റേ പരിശോധനയിലാണ്‌ വിഴുങ്ങിയത്‌ ആണിയാണെന്ന് മനസ്സിലാകുന്നത്‌. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു.

മെഡിക്കൽ കൊളേജ്‌ ആശുപത്രിയിലെ തുടർ പരിശോധനയിൽ ആണി, ആമാശയത്തിലാണുള്ളതെന്ന് മനസ്സിലായി. കുട്ടിയുടെ ജീവൻ അപകടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിച്ചശേഷം, ഭക്ഷണം കൊടുക്കാതെ ആണിയുടെ പൊസിഷൻ കൃത്യമായി മനസ്സിലാക്കാനാണ്‌ ആദ്യം ശ്രമിച്ചത്‌. തുടർന്നുള്ള പരിശോധനയിൽ, വൻ കുടലിലെ സീക്കം എന്ന ഭാഗത്തേക്ക്‌ ക്രമേണ ഇറങ്ങിയ ആണി, അവിടെ കുടുങ്ങിയിരിക്കുന്നതായി മനസ്സിലായി. ഇതോടെയാണ്‌ ശസ്ത്രക്രിയ നടത്തി, വിഴുങ്ങിയ മൂന്നിഞ്ച്‌ നീളമുള്ള ആണി പുറത്തെടുത്തത്‌. ഐ.സി.യുവിൽ നിന്നും വാർഡിലേക്ക്‌ മാറ്റിയ കുട്ടി സുഖം പ്രാപിച്ച്‌ വരുന്നു. കുട്ടി ഇപ്പോൾ പാലുകുടിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.

പീഡിയാട്രിക്‌ സർജനൊപ്പം അനസ്തേഷ്യസ്റ്റുകളായ ഡോ എം.ബി ഹരിദാസ്‌, ഡോ സജ്ന എം,ഡോ അഖിൽ എൽ എന്നിവരും സർജ്ജറിയുടെ ഭാഗമായിരുന്നു. ഒന്നരവയസ്സുകാരന്റെ ജീവൻ രക്ഷപ്പെടുത്തിയ ഡോക്ടർമാരേയും, പരിചരിച്ചുവരുന്ന നേഴ്സുമാരേയും പ്രിൻസിപ്പാൾ ഡോ എസ്‌ അജിത്തും ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപും അഭിനന്ദിച്ചു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP