തളിപ്പറമ്പ്: വീട് വിട്ടിറങ്ങി പയ്യോളിയില്‍ നിന്നും കണ്ണൂരിലെത്തിയ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. കണ്ണൂര്‍ പറശ്ശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരായ പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന് (30) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നരത്തോടെയാണ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി കണ്ണൂര്‍ ബസ്റ്റാന്റിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് രാത്രിയില്‍ പീഡിപ്പിച്ചതായാണ് പരാതി.
സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ലോഡ്ഡില്‍ നിന്നും രക്ഷിച്ച് പയ്യോളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോയി.