സമഗ്ര വികസനം; ചെറുതാഴം – കടന്നപ്പള്ളി – പരിയാരം പഞ്ചായത്തുകള്‍ സംയുക്ത യോഗം ചേരും, തീരുമാനം പരിയാരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍

By | Wednesday January 13th, 2021

SHARE NEWS


പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി ചെറുതാഴം – കടന്നപ്പള്ളി – പരിയാരം പഞ്ചായത്തുകള്‍ സംയുക്തമായി യോഗം ചേരാന്‍ തീരുമാനമായി.

പരിയാരം പ്രസ് ക്ലബ് സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലാണ് മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും പ്രഖ്യാപനം നടത്തിയത്. മെഡിക്കല്‍ കോളേജ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലും ഇതുമായി ബന്ധപ്പെട്ട വ്യാപാര സമുച്ചയങ്ങള്‍ ചെറുതാഴം പഞ്ചായത്തിലും പരിയാരം പഞ്ചായത്തിലുമായി പ്രവര്‍ത്തിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി മൂന്ന് പഞ്ചായത്തുകളും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ചെറുതാഴം പഞ്ചായത്തിന്റെ പരിധിയിലുള്ള പരമ്പരാഗത ശുദ്ധജല ശ്രോതസായ അലക്യംതോട് അതിന്റെ നിലവിലുള്ള ജൈവാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് സമഗ്രമായി നവീകരിക്കാനും വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും തദ്ദേശവാസികള്‍ക്ക് വൈകുന്നേരങ്ങള്‍ ചെലവഴിക്കാനുമുള്ള ടെയിക്ക് എ ബ്രേക്ക് ആക്കി മാറ്റുമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ പറഞ്ഞു.


ഇതിനായി എം എല്‍ എ യുടെ സഹായവും തേടുമെന്ന് അദ്ദേഹം പറഞ്ഞു. വയലപ്രപാര്‍ക്കിന് ശേഷം ചെറുതാഴം പഞ്ചായത്തിലെ ഒരു മികച്ച പദ്ധതിയായി ഇതിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ഹൈവേ റോഡ് വികസനത്തിന്റെ ഭാഗമായി പിലാത്തറ ബസ്റ്റാന്റും വ്യാപാര സമുച്ചയങ്ങളും പൂര്‍ണമായി ഇല്ലാതാവുമെന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പിലാത്തറയെ വീണ്ടെടുക്കുന്നതിനുമായി വിദഗ്ദ്ധര്‍ അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിലെ കൃഷിഭൂമി ഉപയോഗപ്പെടുത്തി കാര്‍ഷികമേഖലയിലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിരവധി കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലാണെങ്കിലും അറിയപ്പെടുന്നത് പരിയാരം എന്നായതിനാല്‍ പ്രദേശത്തിന്റെ പേര് എല്ലായിടത്തും കൂടുതല്‍ പ്രചാരം നേടുന്നതിനായി മെഡിക്കല്‍ കോളേ്ജ് പരിസരത്ത് കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുമെന്നും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ വ്യക്തമാക്കി.

കാര്‍ഷിക മേഖലകള്‍ കൂടുതലായുള്ള കടന്നപ്പള്ളി പഞ്ചായത്തില്‍ സമഗ്ര കാര്‍ഷിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അവര്‍ പറഞ്ഞു.

മാലിന്യനിക്ഷേപം തടയുന്നതിനായി മെഡിക്കല്‍ കോളേജിന്റെ പരിസര പ്രദേശങ്ങളിലും ദേശീയപാതയിലും സി സി ടി വി കാമറകള്‍ സ്ഥാപിക്കുന്ന കാര്യവും പഞ്ചായത്തിന്റെ സജീവ പരിഗണനയിലാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. കുപ്പം പുഴയെ പരമാവധി ഉപയോഗപ്പെടുത്തി യൂറിസം പദ്ധതികള്‍ കൂടുതലായി നടപ്പിലാക്കുകയാണ് പരിയാരം പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് ടി.ഷീബ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുന്‍ ഭരണസമിതി നടരപ്പിലാക്കിയ കര്‍മ്മപദ്ധതികല്‍ കൂടുതല്‍ കാര്യക്ഷമതയോടെ തുടരുമെന്നും അവര്‍ പറഞ്ഞു. മാലിന്യനിക്ഷേപം തടയുന്നതിന് പ്രദേശവാസികളെ ഉള്‍പ്പെടുത്തി പ്രത്യേക കര്‍മ്മസേനക്ക് രൂപം നല്‍കുമെന്നും ടി.ഷീബ പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.മോഹനന്‍(കടന്നപ്പള്ളി-പാണപ്പുഴ), പി.പി.രോഹിണി(ചെറുതാഴം), പി.പി.ബാബുരാജന്‍(പരിയാരം), പരിയാരം പഞ്ചായത്് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.ഗോപാലന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രണവ് പെരുവാമ്പ, ട്രഷറര്‍ അനില്‍ പുതിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 15 മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read