Categories
headlines

ഓര്‍മ്മയിലെ ഹുസൈന്‍ മാഷ്; അന്തരിച്ച എം.ഹുസൈന്‍ മാസ്റ്ററെ ശിഷ്യന്‍ ഷാക്കിര്‍ തോട്ടിക്കല്‍ അനുസ്മരിക്കുന്നു.

ഞങ്ങളുടെയൊക്കെ മുന്‍ഷി മാഷായിരുന്നു ഹുസെെന്‍ മാഷ്.പൂണങ്ങോട് എല്‍.പി സ്ക്കൂളിലെ അറബിക് അധ്യാപകന്‍.അക്ഷരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പ്രിയപ്പെട്ട ഗുരു…
ബാല്യകാല സ്ക്കൂള്‍ സ്മരണകള്‍ ചികഞ്ഞെടുക്കുമ്പോള്‍ മനോമുകുരത്തിലൂടെ മിന്നിമറയുന്നത് ‘അയ്ന്‍’ കഥയാണ്.
അറബി അക്ഷരമാലയിലെ എല്ലാ അക്ഷരവും പഠിച്ചിട്ടും ‘അയ്ന്‍’ ചേര്‍ത്തെഴുതാന്‍ കഴിയാതെ പോയ വേദനയില്‍ നീറുമ്പോള്‍ ഹുസെെന്‍ മാഷിന്‍െറ സ്നേഹത്തോടെയുള്ള സമീപനം എങ്ങനെയാണ് മറക്കാനാവുക. ഒരു പിരിയഡ് മുഴുവന്‍ എനിക്കായി നീക്കി വെച്ച മാഷ് ആ ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടെ അടുത്ത പാഠത്തിലേക്ക് കടന്നുള്ളൂ എന്നോര്‍ക്കുമ്പോള്‍ ആ വലിയ മനുഷ്യനോടുള്ള കടപ്പാട് ഏറി വരികയാണ്.

പത്ത് വര്‍ഷം മുമ്പായിരുന്നു മാഷിന്‍െറ ഹജ്ജ് യാത്ര.ചന്ദ്രിക തളിപ്പറമ്പ് ബ്യൂറോ ചാര്‍ജ്ജ് ഈ വിനീതനെ ഏല്‍പിച്ചായിരുന്നു അദ്ദേഹം പോയത്.ഒരു ഗുരുദക്ഷിണയെന്നോണം മാഷെ സഹായിക്കാനുള്ള സൗഭാഗ്യമായെ ഈ നിയോഗം ഞാന്‍ കരുതിയുള്ളൂ.ഇതിനിടയില്‍ പാരലല്‍ കോളേജ് ജില്ല കലോത്സവവും ഇരിക്കൂര്‍ പെരുമണ്‍ ദുരന്തവും റിപ്പോര്‍ട്ട് ചെയ്യാനും സാധിച്ചു.നിയോജക മണ്ഡലം യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥി ജോബ് മെെക്കിളിനൊപ്പം സഞ്ചരിച്ച് ‘സ്ഥാനാര്‍ത്ഥിയോടൊപ്പം’ പംക്തി കെെകാര്യം ചെയ്തപ്പോഴും അദ്ദേഹം നല്‍കിയ സ്നേഹം ഇന്നും മറക്കാനാവില്ല.നാല് മാസത്തിന് ശേഷം അദ്ദേഹം തന്നെ ഏറ്റെടുത്തപ്പോഴും പല റിപ്പോര്‍ട്ടിംഗിലും ഭാഗമാവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുറുമാത്തൂരിലേക്ക് സ്ഥലം മാറിയെങ്കിലും തോട്ടീക്കലുമായുള്ള ബന്ധത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.നാടിന്‍െറ സന്തോഷത്തിലും സന്താപത്തിലും മാഷ് പങ്ക് ചേര്‍ന്നു.വിശേഷ ദിവസങ്ങളിലെ സജീവ സാന്നിധ്യമായി മാഷ് നിലകൊണ്ടു.ഞങ്ങളുടെ കുടുംബമായും അഭേദ്യ ബന്ധം കാത്തുസൂക്ഷിച്ചു.വെള്ളിയാഴ്ച ഉച്ച ഭക്ഷണം മിക്ക ദിവസങ്ങളിലും വീട്ടിലായിരുന്നു.ആ സ്നേഹം മരണം വരെ നിലനിര്‍ത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

‘അലിഫ് ലെെല’ യെന്ന അറബിക്കഥ ടെലിസ്ക്രീനില്‍ ദൃശ്യമാവുന്ന രാത്രി 9.30 ന്‍െറയും 10 മണിയുടെയും ഇടയില്‍ തോട്ടീക്കലിലെ ബാല്യ കൗമാര യൗവനങ്ങള്‍ സംഗമിക്കുന്നത് ഹുസെെന്‍ മാഷിന്‍െറ വീട്ടിലായിരുന്നു.അന്ന് തോട്ടിക്കലില്‍ ടെലിവിഷന്‍ ഉണ്ടായിരുന്ന മൂന്ന് വീടുകളില്‍ ഒന്ന് അദ്ദേഹത്തിന്‍െറതായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം സുപ്രഭാതം ദിനപത്രത്തിലെ കോളങ്ങളില്‍ സജീവമായപ്പോള്‍ ഹുസെെന്‍ മാഷിന്‍െറ സ്നേഹത്തോടെയുള്ള വിളിയെത്തി ”നന്നാവുന്നുണ്ട്,എങ്കിലും ചന്ദ്രികയെ മറക്കരുത്..”

ഇല്ല മാഷ്..അങ്ങ് നല്‍കിയ അക്ഷരചെെതന്യം ചന്ദ്രികയിലും പ്രശോഭിതമാകും,

പ്രാര്‍ത്ഥനയോടെ…….

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP