സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
6 ജില്ലകളിലാണ് കോവിഡ് ബാധിച്ചവർ ചികിൽസയിലുള്ളത്. കണ്ണൂരിൽ 18 പേർ ചികിൽസയിലുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകളില്ല.
നാളെ രണ്ട് വിമാനം വരുമെന്നാണ് ഒടുവിൽ ലഭിച്ച വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്ന് കോഴിക്കോട്ടേക്കും. വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.