എസ്.എസ്.എല്‍.സിക്ക് ശേഷം ഇനി എന്ത്…?! തെരെഞ്ഞെടുക്കാന്‍ മേഖലകള്‍ നിരവധി

By | Friday May 28th, 2021

SHARE NEWS

വിദ്യാർത്ഥിജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എൽ.സി. പരീക്ഷാഫലം പുറത്തുവരുന്നതോടെ ഉപരിപഠനത്തിന്റെ അനന്ത സാധ്യതകൾ തേടിയുള്ള പ്രയാണമാരംഭിക്കുന്നു.
ഉപജീവനത്തിനുവേണ്ടി ഏതെങ്കിലുമൊരു തൊഴിൽ എന്ന പഴയ സങ്കൽപം അസ്തമിക്കുകയും അവനവന്റെ വ്യക്തിത്വം പ്രകടമാക്കുന്നതും ആത്മ സംതൃപ്തി നൽകുന്നതുമായ തൊഴിലുകളാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ഇഷ്ടമുള്ള ജോലി, മികവാർന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നം.അതിനാൽ വ്യക്തമായ കരിയർ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കരിയര്‍ തെരഞ്ഞെടുക്കണം. താൻ ഭാവിയിൽ ആരാകണം എന്ന് മുൻകൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്സുകൾക്ക് പ്രാമുഖ്യം നൽകണം. വിജയത്തിലേക്ക് നയിക്കുന്ന പ്രധാന പ്രേരക ശക്തിയാണ് ആസൂത്രണം.ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെടുന്നവർ, പരാജയപ്പെടാൻ വേണ്ടി ആസൂത്രണം ചെയ്യുന്നവരാണ്. കരിയർ രംഗത്തെ വിജയത്തിന് ശാസ്ത്രീയമായ രീതിയിലുള്ള ആസൂത്രണം അനിവാര്യമാണ്.

ഏതൊക്കെ കോഴ്സുകള്‍

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ടെക്നിക്കൽ ഹയർ സെക്കന്ററി, പോളിടെക്നിക്, ഐ.ടി.ഐ. എന്നീ കോഴ്സുകളാണ് എസ്.എസ്.എൽ.സി. വിജയിച്ചവർ പ്രധാനമായും കാത്തിരിക്കുന്നത്. എൻ.ടി.ടി.എഫ്. നടത്തുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴസുകൾ, സഹകരണ സ്ഥാപനങ്ങളിലേക്ക് ക്ലറിക്കല്‍ ജോലി ചെയ്യാന്‍ സഹായകമാവുന്ന ജെ.ഡി.സി കോഴ്സുകള്‍.ഫുഡ് ക്രാഫ്റ്റ് കോഴ്സുകള്‍, എന്നിവ എസ് എസ് എൽ സി ക്ക് ശേഷം കൂടുതല്‍ കാലം പഠിക്കാനാഗ്രഹിക്കാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ്.പ്ലസ് ടുവിന് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഓപ്പണ്‍ സ്കൂളുകളിലൂടെ പ്ലസ്ടു പൂർത്തിയാക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓപ്പൺ സ്കൂളിങ് നിരവധി തൊഴിലധിഷ്ഠിത, ഐ.ടി അധിഷ്ഠിത വെർച്വൽ കോഴ്സുകളും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നു. ഇവയ്ക്ക് സി.ബി.എസ്.ഇ.
ഐ.സി, സി,ഐ അംഗീകാരവുമുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും എസ്. എസ് .എൽ .സി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. എത്രകാലം പഠനം തുടരും, ഏത് തൊഴിൽ മേഖലയിൽ പോകാനാഗ്രഹിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് കോഴ്സുകളുടെ തെരെഞ്ഞടുപ്പ് നടത്തേണ്ടത്.

ഹയര്‍ സെക്കണ്ടറി

എസ്.എസ്.എൽ, സി, വിജയിച്ച ഭൂരിഭാഗം വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്ന വിപുലവും പ്രധാനവുമായ ഉപരിപഠന സംവിധാനമാണ് ഹയർസെക്കണ്ടറി. ഹ്യുമാനിറ്റീസ് (32) സയൻസ്(9) കൊമേഴ്സ് (4) എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 45 സബ്ജക്ട് കോമ്പിനേഷനുകൾ ലഭ്യമാണ്, പാർട്ട് ഒന്ന് ഇംഗ്ലീഷ് എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധം, പാർട്ട് രണ്ടിൽ നിർദ്ദേശിക്കപ്പെട്ട 12 ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. സയൻസ് ഗ്രൂപ്പിൽ മാത്സ്, ഫിസിക്സ്,കെമിസ്ട്രി ഓപ്ഷന്‍ തെരെഞ്ഞെടുത്താല്‍ എൻജിനീയറിംഗ്, ടെക്നോളജി, ഭൗതിക ശാസ്ത്ര പഠനം, അധ്യാപനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഒാപ്ഷനാണെങ്കിൽ മെഡിക്കൽ,അഗ്രികള്‍ച്ചര്‍,അധ്യാപനം,ജെെവ ശാസ്ത്ര മേഖലകൾ എന്നിവയിലേക്ക് നയിക്കും. കണക്കും ബയോളജിയും ഒന്നിച്ചുള്ള ബയോമാത്സ് എടുത്താൽ പഠനഭാരം വർദ്ധിക്കും, ബയോളജി വിഷയങ്ങളോടാണ് താൽപര്യമെങ്കിൽ കണക്ക് ഒഴിവാക്കാം. എൻജിനീയറിംഗ് ലക്ഷ്യമിടുന്ന വിദ്യാർത്ഥി ബയോളജി എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ടതില്ല. എന്നാൽ ബയോമാത്സ് എടുക്കുന്നവർക്ക് ഉപരിപഠനത്തിന്‍െറ മേഖലയില്‍ നിരവധി കോഴ്സുകൾക്ക് ചേരാനുള്ള അവസരം ലഭ്യമാണ് എന്നത് വിസ്മരിക്കരുത്.

സയൻസിൽ താൽപര്യമില്ലാത്തവർക്ക് ഹ്യുമാനിറ്റീസോ, കൊമേഴ്സോ തെരഞ്ഞെടുക്കാം. ഇവർക്ക് ബിരുദതലത്തിലെത്തുമ്പോൾ ഒരിക്കലും ശാസ്ത്ര വിഷയങ്ങളിലേക്കോ, എൻജിനീയറിങ്ങ്, മെഡിസിൻ തുടങ്ങിയ പ്രാഫഷണൽ മേഖലയിലേക്കോ കടക്കാനാവില്ല. എന്നാൽ സയൻസുകാർക്ക് മാനവിക വിഷയങ്ങളിലേക്കോ കൊമേഴ്സിലേക്കോ വേണമെങ്കിൽ പോകാവുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത എൻജിനീയറിംഗ് ലക്ഷ്യമിടുന്നവർ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നതാണ് നല്ലത്. സിവിൽ സർവ്വീസ്.
ഗവേഷണം, ജേർണലിസം, അധ്യാപനം മുതലായ സേവനമേഖലകളിൽ താൽപര്യമുള്ളവർക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പാണ് ഉത്തമം. ചാർട്ടേഡ് എക്കൗണ്ടന്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്. ഇൻവെസ്റ്റ്മെന്റ് പ്ലാനർ, ബാങ്കിങ്ങ്, ഇൻഷുറൻസ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലേക്ക് കൊമേഴ്സാണ് അഭികാമ്യം. എൽ.എൽ.ബി, ഹോട്ടൽ മാനേജ്മെന്റ്, അധ്യാപനം, ട്രാവൽ ആന്റ് ടൂറിസം, മാനേജ്മെന്റ് സ്റ്റഡീസ്, ജേർണലിസം, സിവിൽ സർവ്വീസ് തുടങ്ങിയ മേഖലകളിലേക്ക് പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് എടുത്തവർക്കും പോകാവുന്നതാണ്. ബയോടെക്നോളജി, ഹോം സയൻസ്, ഇലക്ട്രോണിക്സ്, മനശ്ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജ്യോഗ്രഫി, സോഷ്യാളജി, ഫിലോസഫി, ആന്താപോളജി, സോഷ്യൽ വർക്ക് മുതലായവ പഠിക്കാനും കോമ്പിനേഷനുകൾ ഉണ്ട് എന്ന് ശ്രദ്ധിക്കണം. ഓരോ ഗ്രൂപ്പിനും സ്കൂളുകളിലുള്ള കോമ്പിനേഷനുകൾക്ക് വ്യത്യാസമുണ്ടാകാം. എസ്.എസ്.എൽ.സി, ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഏക ജാലക സംവിധാനം വഴിയാണ് ഹയർസെക്കണ്ടറി പ്രവേശനം.

വൊക്കേഷണൽ ഹയർ സെക്കണ്ടറി

ഹയർ സെക്കണ്ടറിക്ക് സമാനമായ തൊഴിലധിഷ്ഠിത കോഴ്സാണിത്. ഹയർ സെക്കണ്ടറി വിജയിക്കുന്നവർക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ജയിക്കുന്ന വിദ്യാർത്ഥികൾക്കും ലഭിക്കും. ഇൗ വർഷം മുതൽ വി.എച്ച്.എസ്, ഇ. യിൽ രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് കോഴ്സുകൾ നവീകരിച്ചിട്ടുള്ളത്, കാലഹരണപ്പെട്ട കോഴ്സുകൾ ഒഴിവാക്കുകയും ചിലത് കൂട്ടിയോജിപ്പിക്കുകയും ചിലത് നവീകരിക്കുകയും ചെയ്തു.
രണ്ടു വർഷത്തെ കോഴ്സ് അഞ്ചു മാസം വീതമുള്ള നാലു മൊഡ്യൂളുകളാക്കി നെെപുണ്യ വികസനം (സ്കിൽ ഡവലപ്മെന്റ് ) ഉറപ്പാക്കുന്നു.സ്കില്‍ സർട്ടിഫിക്കറ്റുകള്‍ നൽകുന്നതാണ്. പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ഓരോ മൊഡ്യൂളിന്റെയും അവസാനം പ്രാക്ടിക്കൽ പരീക്ഷയും വർഷാവസാനം തിയറി പരീക്ഷയും നടത്തും ഇലക്ട്രോണിക്സ്, നഴ്സിങ്ങ്, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് , ഫിസിയോതെറാപ്പി, അക്വാകൾച്ചർ എന്നിങ്ങനെ തിരഞ്ഞെടുക്കുവാൻ 35 മേഖലകൾ ഉണ്ട്, ടെക്നിക്കൽ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍-മാർക്കറ്റിംങ്ങ് സ്കിൽസ്, സാങ്കേതിക പഠനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ ഫൗണ്ടേഷൻ കോഴ്സിൽ സ്വന്തമായി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള ആദ്യപടി എന്ന നിലയിൽ സംരംഭകത്വ മേഖലയും പരിചയപ്പെടുത്തുന്നു.

ടെക്നിക്കൽ ഹയർ
സെക്കണ്ടറി

ടെക്നിക്കൽ ഹയർസെക്കണ്ടറി കോഴ്സുകള്‍ പ്ലസ് ടുവിന് തുല്യമാണ്.ഫിസിക്കല്‍ സയന്‍സ്,ഇന്റഗ്രേറ്റഡ് സയൻസ് എന്നീ രണ്ട് വിഭാഗങ്ങളാണ് ഈ കോഴ്സിലുള്ളത്.ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലാണ് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളുകൾ.

പൊളിടെക്നിക്

സാങ്കേതിക തൊഴിലില്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്സാണിത്‌. തൊഴിൽ നെെപുണ്യവികസനത്തിലൂന്നിയുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., മെക്കാനിക്കൽ എൻജിനീയറിംങ്ങ്, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. സംസ്ഥാന സാങ്കേതിക വകുപ്പിനു കീഴിലുളള ഗവണ്മെന്റ്, എയ്ഡഡ് പോളിടെക്നിക്കുകളിലെ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിലുള്ള ഐ.എച്ച്.ആർ.ഡി. യുടെ കീഴിലുള്ള മോഡൽ പോളിടെക്നിക്കുകളിൽ അപ്ലെെഡ് ഇലക്ട്രോണിക്സ്, മെഡിക്കൽ ഇലക്ട്രോണിക്സ്, കമ്പ്യട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, ടെലികമ്മ്യൂണിക്കേഷണൽ ടെക്നോളജി എന്നീ ബ്രാഞ്ചുകളിൽ ത്രി വത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. പോളിടെക്നിക് പാസായവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക്.
കോഴ്സുകൾക്ക് ചേരാവുന്നതാണ്.
സാങ്കേതിക പഠനരംഗത്ത് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ് ഇൻഡസ്ട്രിയൽ ട്രെെനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എസ്.എസ്.എൽ.സിക്ക് ശേഷം കൂടുതൽ കാലം പഠിക്കാതെ തൊഴിൽ മേഖലയിൽ പ്രവേശിക്കാനുതകുന്നതാണ് ഇവിടെ നടത്തുന്ന കോഴ്സുകൾ. സർക്കാർ, സ്വകാര്യ മേഖലയിലും വിദേശത്തും നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ ഈ കോഴ്സുകൾ സഹായിക്കും, ഒരു വർഷം, രണ്ടുവർഷം , മൂന്നു വർഷമായി കോഴ്സുകൾ ലഭ്യമാണ്. എൻജിനീയറിങ്ങ്, നോൺ എൻജിനിയറിങ്ങ് മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. സാങ്കേതിക മേഖലയിൽ 26 കോഴ്സുകളും സാങ്കേതികേതര രംഗത്ത് അഞ്ച് കോഴ്സുകളുമാണുള്ളത്. എൻജിനീയറിങ്ങ് ഏക മെട്രിക് വിഭാഗത്തില്‍ മെക്കാനിക്ക് ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഒാപ്പറേറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, കാർപെന്റർ എന്നീ കോഴ്സുകളും എൻജിനീയറിങ്ങ് ദ്വവത്സര മെട്രിക് വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ) ഡ്രാഫ്റ്റ്മാൻ (മെക്കാനിക്ക്), സർവ്വേയർ, ഇലക്ട്രിഷ്യൻ, റേഡിയോ ആന്റ് ടി, വി. മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഓട്ടോമൊബൈൽ മെക്കാനിക്ക്, ഇൻസ്ട്രുമെന്‍റ് മെക്കാനിക്ക് തുടങ്ങിയ കോഴ്സുകളുമാണുള്ളത്. നോൺ മെട്രിക് ട്രേഡുകളിൽ എസ്.എസ്. എൽ, സി, തോറ്റവർക്കും അപേക്ഷിക്കാം.

എൻ.ടി.ടി.എഫ്. കോഴ്സുകൾ

നെട്ടൂർ ടെക്നിക്കൽ ട്രെെനിങ്ങ് ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. ടൂൾ ആന്‍റ് ഡെെ ഇലക്ട്രോണിക്സ്,കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ,മെക്കാട്രോണിക്സ് (ഡിപ്ലോമ കോഴ്സുകൾ) ഇലക്ട്രോണിക്സ്, ടൂൾ ആന്റ് ഡെെ മേക്കിങ്,ഇലക്ട്രോണിക്സ് (സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍) എന്നിവയാണിവ.

ഫുഡ് ക്രാഫ്റ്റ് കോഴ്സുകള്‍

ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഹോട്ടൽ അക്കമഡേഷൻ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്ക് ബേക്കറി, ഹോട്ടൽ, ടൂറിസം മേഖലകളിൽ തൊഴിൽ നേടാൻ സഹായകമാണ്. പതിനഞ്ച് മാസത്തെ കാലയളവുള്ള ഈ കോഴ്സ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നടത്തുന്നത്.

കോഴ്സുകളുടെ തെരെഞ്ഞെടുപ്പ്

വ്യക്തിത്വ സവിശേഷതകൾ, താൽപര്യം, കഴിവ്, അഭിരുചി, സാമ്പത്തിക അടിത്തറ, ഭാവിയിലെ സാധ്യതകൾ, ധാർമ്മിക പിൻബലം എന്നിവ പരിഗണിച്ചാണ് കോഴ്സുകൾ തെരെഞ്ഞെടുക്കേണ്ടത്, കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെ തങ്ങളുടെ താൽപര്യങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കൾ പിന്നീട് ദു:ഖിക്കേണ്ടിവരും. രക്ഷിതാവിന്റെ താൽപര്യത്തിന് വഴങ്ങി തനിക്ക് താൽപര്യമില്ലാത്ത വിഷയം പഠിക്കേണ്ടിവരുമ്പോൾ ഒരു പക്ഷെ കുട്ടിക്ക് പഠനം വിരസമാവുകയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുമെന്ന യാഥാർഥ്യത്തിന് നേരെ മുതിർന്നവർ കണ്ണടക്കരുത് . തനിക്ക് നേടാൻ കഴിയാത്ത സ്വപ്നം തന്റെ മകനിലൂ ടെ മകളിലൂടെ നേടണമെന്നാഗ്രഹിക്കുന്ന രക്ഷിതാവ് കുട്ടിയുടെ കഴിവ് പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.
രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും താൽപര്യം മാത്രം പരിഗണിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല എന്ന തിരിച്ചറിവുണ്ടാകണം. വ്യക്തമായ ദിശാബോധത്തിന്റെ അഭാവത്തിലുള്ള ഇത്തരം പ്രശ്നങ്ങൾ തലമുറകൾക്ക് നിരാശയുടെ വിത്തുപാകലാണ് എന്ന ബോധത്തോടെ കോഴ്സുകൾ തെരെഞ്ഞെടുക്കലാണ് അഭികാമ്യമായ മാർഗം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read