---
title: "ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റം: അടിയന്തര യോഗം ചേര്‍ന്ന് മുസ്‌ലീം ലീഗ് ജില്ലാ കമ്മിറ്റി"
english_title: "shukoor-murder-case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99094/shukoor-murder-case"
published_at: "2023-02-23T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f72ab673d62_new.jpg"
keywords: []
---

# ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റം: അടിയന്തര യോഗം ചേര്‍ന്ന് മുസ്‌ലീം ലീഗ് ജില്ലാ കമ്മിറ്റി

> **Lead Summary:** തളിപ്പറമ്പ് : ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ ലീഗ് പ്രവർത്തകൻ മൊഴി മാറ്റിയ സംഭവത്തിൽ മുസ്‍ലീം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്നു. ഏത് സാഹചര്യത്തിലാണ് ലീഗ് പ്രവർത്തകൻ മൊഴി മാറ്റിയതെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ഉൾപ്പെടെ പങ്കെടുത്തിരുന്നു. 

## Article Content

തളിപ്പറമ്പ് : ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ ലീഗ് പ്രവർത്തകൻ മൊഴി മാറ്റിയ സംഭവത്തിൽ മുസ്‍ലീം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്നു. ഏത് സാഹചര്യത്തിലാണ് ലീഗ് പ്രവർത്തകൻ മൊഴി മാറ്റിയതെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി ഉൾപ്പെടെ പങ്കെടുത്തിരുന്നു. 

കഴിഞ്ഞ ദിവസം മനോരമ വാർത്തയിലൂടെയാണ് നേതാക്കളും പ്രവർത്തകരും മൊഴി മാറ്റിയ കാര്യം അറിയുന്നത്. അബുവിനെ ഇന്നലെ ആർക്കും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തളിപ്പറമ്പ് കപ്പാലം സ്വദേശിയായ അബു സർ സയിദ് സ്കൂൾ ജീവനക്കാരനുമാണ്. ഷുക്കൂർ കൊല്ലപ്പെട്ട ദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും മറ്റുള്ളവരും ചേർന്ന് ഷുക്കൂറിനെ വധിക്കാൻ നിർദേശം നൽകുന്നത് കേട്ടുവെന്നാണ് അബുവും മറ്റൊരു ലീഗ് പ്രവർത്തകനായ മുഹമ്മദ് സ്വാബിറും മൊഴി നൽകിയത്. സിബിഐയുടെ അന്വേഷണത്തിലും ഇവർ സാക്ഷികളാണ്.

2013 ൽ ഇത് കോടതിയിൽ തിരുത്തിയതോടെയാണ് തങ്ങളെ ബക്കളത്തെ ടൂറിസ്റ്റ് ഹോമിലേക്ക് സിപിഎംതട്ടി കൊണ്ട് പോയി ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിയതെന്ന് ഇവർ പരാതി നൽകിയത്. ഈ മൊഴിയാണ് വീണ്ടും മാറ്റി തന്നെ ആരും തട്ടികൊണ്ടു പോയിട്ടില്ലെന്നും താൻ ആശുപത്രിയിൽ പോയിരുന്നില്ലെന്നും  അബു പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് മുഹമ്മദ് സ്വാബിറിനെയും വിളിപ്പിച്ചിരുന്നുവെങ്കിലും വിദേശത്തായതിനാൽ ഹാജരായില്ല.

ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനും അബു വീണ്ടും മൊഴി മാറ്റാനിടയായ സാഹചര്യം പരിശോധിച്ച് ഇത് തിരുത്തിക്കുവാൻ സാധിക്കുമോ എന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ലീഗിന്റെ ജില്ലാ കമ്മിറ്റി തന്നെയാണ് ഷുക്കൂർ കേസ് നടത്തുന്നതെന്നും ഒരു വിധത്തിലുമുള്ള വിട്ട് വീഴ്ചക്കും ഇടനൽകാതെ കേസ് നടപടികൾ തുടർന്ന് കൊണ്ടു പോകുമെന്നും അദ്ദേഹം  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99094/shukoor-murder-case)