---
title: "കടക്കെണിയിലായ യുവതിക്ക് കൈത്താങ്ങായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍"
english_title: "NSS_VOLUTEER"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97423/nss_voluteer"
published_at: "2023-02-16T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eddf61d307b_new.jpg"
keywords: []
---

# കടക്കെണിയിലായ യുവതിക്ക് കൈത്താങ്ങായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

> **Lead Summary:** തളിപ്പറമ്പ: കരൾരോഗം ബാധിച്ച് ഭർത്താവ് മരണപ്പെട്ട കുറ്റിക്കോലെ നിർധന യുവതിക്ക് കരുതലായി തട്ടുകട സമ്മാനിച്ച് തളിപ്പറമ്പ മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ .

## Article Content

തളിപ്പറമ്പ: കരൾരോഗം ബാധിച്ച് ഭർത്താവ് മരണപ്പെട്ട കുറ്റിക്കോലെ നിർധന യുവതിക്ക് കരുതലായി തട്ടുകട സമ്മാനിച്ച് തളിപ്പറമ്പ മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ .

സ്വർണ്ണ പണിക്കാരനായിരുന്ന രാജേഷിൻ്റെ മരണസമയത്ത് സുനിതക്ക് 9 വയസ്സും 7 മാസവും പ്രായമായ രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ജീവിതത്തിന് മുന്നിൽ പകച്ചുപോയ സുനിത ഒരു തൊഴിലന്വേഷിച്ച് മുട്ടാത്ത വാതിലുകളില്ല . 7 മാസം മാത്രം പ്രായമായ കുട്ടിയേയും കൊണ്ട് സുനിതക്ക് കാര്യമായ ജോലിക്കൊന്നും പോവാനും സാധിച്ചില്ല. ആകെ കിട്ടുന്ന വിധവാ പെൻഷനും ഭർത്താവിൻ്റെ അമ്മക്ക് ലഭിക്കുന്ന വാർധക്യകാല പെൻഷനും കൊണ്ടാണ് നിലവിൽ ഇവരുടെ കുടുംബം ജീവിച്ചു പോവുന്നത്. ഇതിനിടയിലാണ് ഇടിത്തീ പോലെ ഭർത്താവിൻ്റെ അമ്മ നേരത്തെ എടുത്ത വായ്പയുടെ അടവ് മുടങ്ങിയതിനാൽ തളിപ്പറമ്പ സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും ജപ്തി ഭീഷണിയും ഉണ്ടായിരിക്കുന്നത്. ഇവരുടെ ദയനീയാവസ്ഥ സ്ഥലം കൗൺസിലറായ ഇ. കുഞ്ഞിരാമൻ എൻ എസ് എസ് വളണ്ടിയർമാരെ അറിയിക്കുകയായിരുന്നു. എൻ എസ് എസ് വളണ്ടിയർമാർ മുൻ വളണ്ടിയറായ അശ്വതിയുടെ സഹായത്തോടെ ഹാൻഡ് വാഷ് 1250 കുപ്പി ഹാൻഡ് വാഷ് നിർമ്മിക്കുകയും അവ വില്പന നടത്തിയ തുക സമാഹരിച്ച് ഉപജീവനം പദ്ധതിയിലൂടെ തട്ടുകട വാങ്ങി നല്കുകയായിരുന്നു.

 മൂത്തേടത്ത് സ്കൂളിൽ വെച്ച് പി.ടി.എ പ്രസിഡണ്ട് ടി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ പി.ഗീത തട്ടുകട കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്നമോൾ പദ്ധതി വിശദീകരിച്ചു.നഗരസഭാ കൗൺസിലർ ഇ .കുഞ്ഞിരാമൻ,ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ , എൻ എസ് എസ് പി.എ.സി മെമ്പർ കെ. പി. റിജു, സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്, ഹയർ സെക്കണ്ടറി സ്റ്റാഫ് പ്രതിനിധി എ. ദേവിക, ടി.പി.ഗൗതം ഗോവിന്ദ്, കെ.പി.ആർ. പാർവ്വതി തുടങ്ങിയവർ സംസാരിച്ചു.

ഇനി കുറ്റിക്കോൽ ദേശീയ പാതയോരത്ത് ജീവതത്തോട് പടവെട്ടി തട്ടുകട നടത്താനുള്ള തയ്യാറെടുപ്പിലാണ് സുനിത

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97423/nss_voluteer)