---
title: "ഒമാനിൽ മുഖം മൂടിയണിഞ്ഞ സ്ത്രീ ഭീഷണിപ്പെടുത്തി കണ്ണൂർ സ്വദേശിയിൽനിന്നും പണം തട്ടി"
english_title: "The masked women extorted money from a kannur residant "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9722/the-masked-women-extorted-money-from-a-kannur-residant"
published_at: "2021-11-09T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a6558d8c30_No-Crime-Sign_0.jpg"
keywords: []
---

# ഒമാനിൽ മുഖം മൂടിയണിഞ്ഞ സ്ത്രീ ഭീഷണിപ്പെടുത്തി കണ്ണൂർ സ്വദേശിയിൽനിന്നും പണം തട്ടി

> **Lead Summary:** കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മുഖം മൂടിയണിഞ്ഞ സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടി. ഒമാനിലെ മത്രയില്‍ ഞായറാഴ്​ച വൈകീട്ടായിരുന്നു സംഭവം.

## Article Content

കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മുഖം മൂടിയണിഞ്ഞ സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടി. ഒമാനിലെ മത്രയില്‍ ഞായറാഴ്​ച വൈകീട്ടായിരുന്നു സംഭവം.

കഴിഞ്ഞ ദിവസമാണ്​ മത്രയിലെ കച്ചവടക്കാരനായ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും 500 റിയാൽ തട്ടിയെടുത്ത്​ മുഖംമൂടിയണിഞ്ഞ സ്ത്രീ കടന്നുകളഞ്ഞത്​. ​മത്ര സൂഖ് പഴയ ഹബീബ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോസ്മറ്റിക് ഷോപ്പില്‍ നിന്നാണ് പണം തട്ടിയത്.

യുവാവ് കച്ചവടാവശ്യത്തിനായി സുഹൃത്തില്‍നിന്നും സംഘടിപ്പിച്ച പണമാണ്​ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ മുഖം മൂടിയണിഞ്ഞ സ്ത്രീ വന്ന്​ തട്ടിയെടുത്തത്​. ​ സംഭവത്തിൽ മത്ര പൊലീസില്‍ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്​​.

ഇത്തരം തട്ടിപ്പുകള്‍ പല രീതിയില്‍ നേരത്തെയും അരങ്ങേറിയിട്ടുണ്ട്. ഒറ്റപ്പെട്ട ഭാഗങ്ങളിലെ കടയില്‍ തനിച്ചുള്ളവരെ തിരഞ്ഞുപിടിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറാറുള്ളത്. തൊട്ടുരുമ്മിയെന്നും കയറിപ്പിടിച്ചെന്നുമുള്ള പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്​ത്രീകൾ പണം കവരാറുള്ളത്.

സമാനമായ അനുഭവങ്ങൾ നേരത്തെയും അവിടെ നടന്നിട്ടുണ്ട്. ഒട്ടുമിക്ക കടകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കടകളിലും ക്യാമറ സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദേശവും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം പണം അപഹരിച്ച കടയില്‍ ക്യാമറ ഇല്ലായിരുന്നതും തട്ടിപ്പുകാരിക്ക് അനുഗ്രഹമായി. അതേസമയം ഇയാളെ തൊഴിച്ചുവീഴ്ത്തി‌ കടന്നുകളഞ്ഞ സ്ത്രീയുടെ ചിത്രം സമീപത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9722/the-masked-women-extorted-money-from-a-kannur-residant)