---
title: "ബസ്ചാർജ് ഉടൻ വർധിപ്പിക്കാൻ സാധ്യത, മിനിമം ചാർജ് 10 രൂപ ആയേക്കും"
english_title: "The bus charge is likely to increase soon and the minimum charge will be Rs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9690/the-bus-charge-is-likely-to-increase-soon-and-the-minimum-charge-will-be-rs"
published_at: "2021-11-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a3a75e7caf_news-card-web.jpg"
keywords: []
---

# ബസ്ചാർജ് ഉടൻ വർധിപ്പിക്കാൻ സാധ്യത, മിനിമം ചാർജ് 10 രൂപ ആയേക്കും

> **Lead Summary:** **തിരുവനന്തപുരം: **ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും നിരക്ക് വർധനവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

## Article Content

**തിരുവനന്തപുരം: **ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും നിരക്ക് വർധനവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.

ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് ബസുടമകളുടെ വാദം. അത് അം​ഗീകരിക്കാൻ സാധ്യതില്ലെങ്കിലും മിനിമ് ചാർജ് എട്ടിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

2018-ലാണ് ഇതിനുമുൻപ് ബസ് ചാർജ് ചാർജ് വർധിപ്പിച്ചത്‌. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിച്ചത്. ഡീസൽ വില 95ന് മുകളിൽ എത്തിയ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം.

വിദ്യാർത്ഥികളുടെ കൺസഷൻ ആറ് രൂപയാക്കി വർധിപ്പിക്കണമെന്നും അവർ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നാണ്‌ മറ്റോരാവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്‌.

എന്നാൽ ഈ വിഷയത്തോട് അനുഭാവപൂർവമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും അതിനാൽ സമരം പിൻവലിക്കുന്നു എന്നുമാണ് ബസ് ഉടമകൾ അറിയിച്ചത്. എന്നാൽ ഈ മാസം18 മുൻപ് തീരുമാനം വേണമെന്നാണ് ഉടമുകളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9690/the-bus-charge-is-likely-to-increase-soon-and-the-minimum-charge-will-be-rs)