---
title: "സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ"
english_title: "MV Jayarajan said that various ancillary events will be organized as part of the CPI (M) district conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9646/mv-jayarajan-said-that-various-ancillary-events-will-be-organized-as-part-of-the-cpi-m-district-conference"
published_at: "2021-11-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a11b39c159_NEW-OPENNEWSX24-LOGO.jpg"
keywords: []
---

# സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ

> **Lead Summary:** സിപിഐഎം ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തിയ്യതികളിൽ എരിപുരത്ത് നടക്കുന്നതിൻ്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

## Article Content

സിപിഐഎം ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തിയ്യതികളിൽ എരിപുരത്ത് നടക്കുന്നതിൻ്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ചന്തപ്പുരയിൽ ചൊവ്വാഴ്ച പകൽ 4 ന് കർഷക സമ്മേളനം നടത്തും. കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറി ഹനൻ മുള്ള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ഓൺലൈനായി ഈ പരിപാടി സംപ്രേഷണം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പ്രചാരണം, വിവിധ സെമിനാറുകൾ, മറ്റ് അനുബന്ധ പരിപാടികളും എന്നിവയും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഫണ്ട് ഏറ്റുവാങ്ങൽ 11ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും . 230 ബ്രാഞ്ചുകളിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമത്തിന്റെ ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ 11 ന് ഏഴോം സിആർസി ഗ്രൗണ്ടിൽ നിർവ്വഹിക്കും.

നവംബർ 14ന് കുട്ടികളുടെ സംഗമവും, ശാസ്ത്രക്ലാസ്സും കൊട്ടിലയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അന്ന് തന്നെ കർഷകതൊഴിലാളി സംഗമം ഏഴോത്ത് സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി 100 സാംസ്കാരിക സദസ്സുകൾ നടത്തും. ഏരിയാതല ഉദ്ഘാടനം രാമപുരത്ത് നവംബർ 18ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ 23 ന് മഹിളാ സംഗമം മണ്ടൂരിൽ സി എസ് സുജാത ഉദ്ഘാടനം ചെയ്യും. നവംബർ 26ന് യുവജന സംഗമം ആണ്ടാംകൊവ്വലിൽ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം, പ്രൊഫഷണൽ മീറ്റ്, നാടകോത്സവം, കലാ സാഹിത്യ മത്സരങ്ങൾ, ചിത്രകാര സംഗമം, പുസ്തകോത്സവം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ട്രേഡ് യൂണിയൻ സമ്മേളനം എന്നിവയും സംഘടിപ്പിക്കും.

കേന്ദ്ര സംസ്ഥാന നേതാക്കൾ, മന്ത്രിമാർ, സാംസ്കാരിക നായകർ, മാധ്യമമേഖലയിലെ പ്രമുഖർ, തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി , സംഘാടക സമിതി ചെയർമാൻ ടി വി രാജേഷ്, വൈസ് ചെയർമാൻമാരായ ഒ വി നാരായണൻ, , പി പി ദാമോദരൻ, ജനറൽ കൺവീനർ കെ പത്മനാഭൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9646/mv-jayarajan-said-that-various-ancillary-events-will-be-organized-as-part-of-the-cpi-m-district-conference)