---
title: "പാഠം പഠിച്ചു; ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ല; സമാധാനമാണ് വേണ്ടതെന്ന് പാകിസ്താന്‍"
english_title: "pakistan-pm-shehbaz-sharif-wants-talks-with-india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90843/pakistan-pm-shehbaz-sharif-wants-talks-with-india"
published_at: "2023-01-17T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66b8e423e2_new.jpg"
keywords: []
---

# പാഠം പഠിച്ചു; ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ല; സമാധാനമാണ് വേണ്ടതെന്ന് പാകിസ്താന്‍

> **Lead Summary:** ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്ന് [പാകിസ്താന്] പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളാണ് നടത്തിയത്. ഇതില്‍ നിന്ന് പാഠം പഠിച്ചു. ഇനി സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി. പാകിസ്താന് സമാധാനമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷഹ്ബാസ് അഭ്യര്‍ഥിച്ചു. അതേസമയം, കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും [ഷഹ്ബാസ്] ആവശ്യപ്പെട്ടു.

## Article Content

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്ന് [പാകിസ്താന്] പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളാണ് നടത്തിയത്. ഇതില്‍ നിന്ന് പാഠം പഠിച്ചു. ഇനി സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി. പാകിസ്താന് സമാധാനമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷഹ്ബാസ് അഭ്യര്‍ഥിച്ചു. അതേസമയം, കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും [ഷഹ്ബാസ്] ആവശ്യപ്പെട്ടു.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. അത് അവഗണിക്കാന്‍ സാധിക്കില്ല. നമുക്ക് എന്‍ഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും കഴിവുള്ള തൊഴിലാളികളുമുണ്ട്. പുരോഗതിക്ക് വേണ്ടി ഈ ശക്തിയെ ഉപയോഗിക്കണം. മേഖലയില്‍ സമാധാനമാണ് ആവശ്യം. അങ്ങനെ മാത്രമേ രണ്ടു രാജ്യങ്ങള്‍ക്കും വളരാന്‍ സാധിക്കൂ എന്നും ഷഹ്ബാസ് പറഞ്ഞു.

പാകിസ്താന് വേണ്ടത് സമാധാനമാണ്. പുരോഗതിയാണ്. പരസ്പരമുള്ള കലഹം സമയം കളയലാണ്. വിഭവങ്ങള്‍ നഷ്ടപ്പെടുത്തലാണ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചു. ഞങ്ങള്‍ പാഠം പഠിച്ചു. പാകിസ്താന്‍കാര്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ഷഹ്ബാസ് പറഞ്ഞു.

യഥാര്‍ഥ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ട്. ബോംബുകളിലും വെടിക്കോപ്പുകളിലും വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്താന് താല്‍പ്പര്യമില്ലെന്ന് നരേന്ദ്ര മോദിയോട് പറയുന്നു. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. [യുദ്ധം](https://malayalam.oneindia.com/offbeat/mystic-and-british-astrologer-craig-hamilton-parker-predicts-escalation-between-israel-and-iran-368570.html) ആരംഭിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ ആര് ജീവിച്ചിരിക്കുമെന്നും ഷഹ്ബാസ് ഷരീഫ് ചോദിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം ആ രാജ്യത്തെ തളര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെയും ചൈനയുടെയും സാമ്പത്തിക സഹായമാണ് ഇപ്പോള്‍ പാകിസ്താനെ മുന്നോട്ട് നയിക്കുന്നത്. യുഎഇയും സൗദി അറേബ്യയും ചൈനയും പാകിസ്താന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഷഹ്ബാസ് ഷരീഫ് മൂന്ന് തവണയാണ് [യുഎഇ](https://malayalam.oneindia.com/news/international/uae-allows-govt-employee-to-take-one-year-leave-with-salary-for-find-their-own-firm-trending-news-367812.html)യും സൗദിയും സന്ദര്‍ശിച്ചത്. അടുത്തിടെ പാകിസ്താന്റെ പുതിയ സൈനിക മേധാവിയും സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും പാകിസ്താനില്‍ വര്‍ധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90843/pakistan-pm-shehbaz-sharif-wants-talks-with-india)