---
title: "  സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2004 - 05 ബാച്ചിന്റെ മെഗാ സംഗമം ശനിയാഴ്ച"
english_title: "seethisahib_school_taliparamba_mega_sangamam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89381/seethisahib_school_taliparamba_mega_sangamam"
published_at: "2023-01-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd0988f2106_WhatsApp_Image_2023-01-10_at_12.14.55_PM.jpeg"
keywords: []
---

#   സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2004 - 05 ബാച്ചിന്റെ മെഗാ സംഗമം ശനിയാഴ്ച

> **Lead Summary:** തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കണ്ടറി സ്കൂളിലെ 2004 - 05 ബാച്ചിലെ 18 വർഷത്തിന് ശേഷം സംഗമിക്കുന്നു. ബാച്ച് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ഗൂസ്ബേറിയൻസ് എന്ന പേരിൽ നടക്കുന്ന മെഗാ സംഗമം രാജ്യസഭാ അംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കണ്ടറി സ്കൂളിലെ 2004 - 05 ബാച്ചിലെ 18 വർഷത്തിന് ശേഷം സംഗമിക്കുന്നു. ബാച്ച് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ഗൂസ്ബേറിയൻസ് എന്ന പേരിൽ നടക്കുന്ന മെഗാ സംഗമം രാജ്യസഭാ അംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.

2023 ജനുവരി 14ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ അഞ്ച് വരെ തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഗമം നടക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം 'ന്നാ താൻ കേസ് കൊട് ' ഫെയിം പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയാകും.

ചടങ്ങിൽ പൂർവ്വ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 75 പേരെ ആദരിക്കും. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അവാർഡ് ദാനം നിർവ്വഹിക്കും. സ്കൂൾ മാനേജർ പി.കെ.സുബൈർ, പ്രിൻസിപ്പാൾ എം.കാസിം, പ്രധാനാധ്യാപകൻ ടി.ഹാഷിം എന്നിവർ വിശിഷ്ടാതിഥികളാകും.

2004 - 2005 എസ്.എസ്.എൽ.സി ബാച്ചിൽ 648 പേരാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ മരണപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പ്രവാസികളാണ്. ലക്ഷദ്വീപ് നിവാസികളും ഈ ബാച്ചിലുണ്ടായിരുന്നു. സംഗമത്തിൽ പങ്കെടുക്കാനായി പ്രവാസി സുഹൃത്തുക്കളും ലക്ഷദ്വീപ് നിവാസികളും തളിപ്പറമ്പിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ക്ലാസ് മുറിയിലെത്തി പരിചയപ്പെടൽ, പൂർവ്വ അധ്യാപകരുടെ ക്ലാസ്, അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, അനുഭവങ്ങൾ പങ്കുവെക്കൽ, കലാ-കായിക മത്സരങ്ങൾ എന്നിവയും നടക്കും. വൈകുന്നേരം ദേശീയ ഗാനത്തോടെ പരിപാടി സമാപിക്കും. മെഗാ സംഗമത്തിന്റെ അനുബന്ധമായി മെഹന്തി ഫെസ്റ്റ്, സൗഹൃദ സംഗമം എന്നിവയും അലുമ്നി അസോസിയേഷൻ നേരത്തെ സംഘടിപ്പിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ അലുമ്നി അസോസിയേഷൻ ചെയർമാൻ റിയാസ് കെ.എം.ആർ, ജനറൽ കൺവീനർ ശിഹാബ് കുപ്പം, ട്രഷറർ ബഷീർ തോട്ടീക്കൽ, കോ-ഓർഡിനേറ്റർ എം.പി.അൽത്താഫ്, ജോ.കൺവീനർ വി.ഷക്കീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89381/seethisahib_school_taliparamba_mega_sangamam)