---
title: "ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കെട്ടടങ്ങിയിട്ട് ആഴ്ചകളായി; നിരത്തുകളില്‍ നിന്നൊഴിയാതെ ഫ്‌ലക്‌സ് ബോര്‍ഡുകളും താരങ്ങളുടെ കട്ടൗട്ടുകളും."
english_title: "world_cup_football_flex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89259/world_cup_football_flex"
published_at: "2023-01-09T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbef7591c4c_WhatsApp_Image_2023-01-09_at_4.08.00_PM.jpeg"
keywords: []
---

# ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കെട്ടടങ്ങിയിട്ട് ആഴ്ചകളായി; നിരത്തുകളില്‍ നിന്നൊഴിയാതെ ഫ്‌ലക്‌സ് ബോര്‍ഡുകളും താരങ്ങളുടെ കട്ടൗട്ടുകളും.

> **Lead Summary:** ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും നിരത്തുകളില്‍ നിന്നൊഴിയാതെ ഫ്‌ലക്‌സ് ബോര്‍ഡുകളും താരങ്ങളുടെ കട്ടൗട്ടുകളും.

## Article Content

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും നിരത്തുകളില്‍ നിന്നൊഴിയാതെ ഫ്‌ലക്‌സ് ബോര്‍ഡുകളും താരങ്ങളുടെ കട്ടൗട്ടുകളും.

കണ്ണൂര്‍, ഏച്ചൂര്‍, കൂടാളി കുടുക്കിമൊട്ട, കാഞ്ഞിരോട്, പൂവ്വത്തൂര്‍, ചാലക്കുന്ന് മുത്തപ്പന്‍ ക്ഷേത്ര പരിസരം, മമ്പറം, മയിലുള്ളി മെട്ട, മുഴപ്പിലങ്ങാട് യൂത്ത്, ചാലാട്, അഴീക്കോട്, വളപട്ടണം, കക്കാട്, കണ്ണൂര്‍ സിറ്റി, മട്ടന്നൂര്‍, പേരാവൂര്‍, അഞ്ചരക്കണ്ടി, ചക്കരക്കല്ല്,ആന്തൂര്‍, കല്ല്യാശേരി, കുറുമാത്തൂര്‍, അഞ്ചാം പീടിക, പാളിയത് വളപ്പ്, പരിയാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമെല്ലാം ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്പുണ്ട്.

അതേ സമയം, പയ്യന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ കണ്ണൂരിന്റെ ചില ഭാഗങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയിട്ടുമുണ്ട്. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നടപടി എടുക്കാന്‍ ചൊവ്വാഴ്ച നടന്ന ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നീക്കം ചെയ്യാത്ത ലോകകപ്പ് മത്സര കട്ടൗട്ടുകളും ഫ്‌ളക്സ് ബോര്‍ഡുകളും ഉടന്‍ മാറ്റണം എന്നാണ് നിര്‍ദേശം.

നീക്കം ചെയ്യാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയാണ് നിയോഗിച്ചിട്ടുള്ളത്. കാഴ്ച മറയ്ക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്വമേധയാ നീക്കം ചെയ്തിട്ടില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ചെലവ് ഈടാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89259/world_cup_football_flex)