---
title: "വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയുടെ രേഖചിത്രം പുറത്ത് വിട്ടു "
english_title: "Theft at payyannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88517/theft-at-payyannur"
published_at: "2023-01-02T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b308611289d_Theft.jpg"
keywords: []
---

# വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയുടെ രേഖചിത്രം പുറത്ത് വിട്ടു 

> **Lead Summary:** **പയ്യന്നൂര്‍: **പയ്യന്നൂരില്‍ പട്ടാപ്പകൽ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ പ്രതിയെ കുറിച്ച് പോലീസിന്സൂചന ലഭിച്ചു. വിദഗ്ധരുടെ സഹായത്തോടെ നിർമ്മിച്ച മോഷ്ടാവിൻ്റെ രേഖാചിത്രം പുറത്ത് വിട്ടു.

## Article Content

**പയ്യന്നൂര്‍: **പയ്യന്നൂരില്‍ പട്ടാപ്പകൽ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ പ്രതിയെ കുറിച്ച് പോലീസിന്സൂചന ലഭിച്ചു. വിദഗ്ധരുടെ സഹായത്തോടെ നിർമ്മിച്ച മോഷ്ടാവിൻ്റെ രേഖാചിത്രം പുറത്ത് വിട്ടു.

മോഷ്ടാവിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.സംഭവ ദിവസം മോഷ്ടാവിനെ കണ്ട് ഭയന്നോടിയ വീട്ടിലെ കുട്ടിയിൽ നിന്നും മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയിൽ നിന്നും പോലീസ് ഗ്രാഫിക് വിദഗ്ധൻ്റെ സഹായത്തോടെ മോഷ്ടാവിൻ്റെ രേഖാചിത്രം വരച്ചിട്ടുണ്ട്. മലയാളം സംസാരിക്കുന്ന പ്രാദേശിക മോഷ്ടാവാണ് മൂന്നരലക്ഷം രൂപ കവർന്നതെന്ന നിഗമനത്തിലാണ് പോലീസ് എങ്കിലും മറ്റ് സാധ്യതകളും തള്ളികളയുന്നില്ല.

ഇക്കഴിഞ്ഞ ഡിസമ്പർ 20 ന് വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ ടൗണിലെ വ്യാപാരി കോളോത്ത് റെയിൽവെ മേൽപാലത്തിന് സമീപം താമസിക്കുന്ന ദാറുൽ സലാമിൽ കുരിക്കളകത്ത് അബ്ദുൾ സമദിൻ്റെ ( 62 ) വീട്ടിലാണ് കവർച്ച നടന്നത്.സ്കൂൾ വിട്ട് വീട്ടിലെത്തിയ ഇയാളുടെ പേരക്കുട്ടി വീട് പൂട്ടി കിടക്കുന്നത് കണ്ട് പിറക് വശത്തേക്ക് പോയപ്പോൾ മോഷ്ടാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ ഓടിക്കുകയായിരുന്നു.കിണറിൻ്റെ അലമാറ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് ബാഗിൽ സൂക്ഷിച്ച മൂന്നര ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു. മോഷ്ടാവ് പണവുമായി ഓടി മറയുന്നത് അയൽ വാസികളും കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്.

കുട്ടി വിവരമറിയിച്ചതിനെ തുടർന്ന്സെൻട്രൽ ബസാറിലെ വ്യാപാരിയായ അബ്ദുൾ സമദ് വീട്ടിലെത്തുകയും വീട് തുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിരുന്നുവെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ ഇല്ലാത്തത് മോഷ്ടാവിന് സൗകര്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88517/theft-at-payyannur)