---
title: "മിഫ്‌സലു റഹ്മാന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "Mifsalu rahman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84875/mifsalu-rahman"
published_at: "2022-12-12T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63974cac8726e_IMG-20221212-WA0102.jpg"
keywords: []
---

# മിഫ്‌സലു റഹ്മാന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** **പരിയാരം :** ഇന്ന് രാവിലെ തളിപ്പറമ്പിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മിഫ്‌സാലു റഹ്മാന് നാടിന്റെയും സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യഞ്ജലി. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായുള്ള കേരള ആരോഗ്യ സർവ്വകലാശാല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേ തളിപ്പറമ്പ് വച്ചാണ് അപകടം സംഭവിച്ചത്. രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സർവകലാശാല ഡി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി മിഫ്സാലു റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്ന്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ ഈ മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നു. 

## Article Content

**പരിയാരം :** ഇന്ന് രാവിലെ തളിപ്പറമ്പിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മിഫ്‌സാലു റഹ്മാന് നാടിന്റെയും സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യഞ്ജലി. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായുള്ള കേരള ആരോഗ്യ സർവ്വകലാശാല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേ തളിപ്പറമ്പ് വച്ചാണ് അപകടം സംഭവിച്ചത്. രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സർവകലാശാല ഡി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി മിഫ്സാലു റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്ന്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ ഈ മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നു. 

മിഫ്സാലു റഹ്മാന്റെ ആകസ്മിക വിയോഗത്തെത്തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച പ്രിൻസിപ്പാൾ അവധി നൽകി. ഉച്ചയ്ക്ക് 1 മണി മുതൽ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, മുൻ എം.എൽ.എ ടി വി രാജേഷ്, ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് പി.ടി.എ ഭാരവാഹികൾ, വിവിധ കോളേജ് യൂണിയൻ ഭാരവാഹികൾ, ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥി കളും ജീവനക്കാരുമാണ് അക്കാദമിക് ബ്ലോക്കിലെത്തി അന്തിമോപചാരമർപ്പിച്ചത്.

അകാലത്തിൽ വിടപറഞ്ഞ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി മിഫ്സാലു റഹ്മാന്റെ വിയോഗത്തിൽ എം വിജിൻ എം.എൽ.എ, പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിലെ മെഡിക്കൽ എഡ്യുക്കേഷൻ ഹാളിൽ അനുശോചനയോഗം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84875/mifsalu-rahman)