---
title: "ദുരൂഹത ബാക്കിയാക്കി പ്രമുഖ വ്യാപാരിയുടെ വേർപാട്, മകളുടെ കല്യാണം നടക്കാനിരിക്കെ എത്തിയ ദുരന്തം"
english_title: "m k mathew"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83706/m-k-mathew"
published_at: "2022-12-06T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f38244378c_news-card.jpg"
keywords: []
---

# ദുരൂഹത ബാക്കിയാക്കി പ്രമുഖ വ്യാപാരിയുടെ വേർപാട്, മകളുടെ കല്യാണം നടക്കാനിരിക്കെ എത്തിയ ദുരന്തം

> **Lead Summary:** **കേളകം : **കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികൾ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയർത്തിനിൽക്കുന്ന മഹാറാണി ടെക്‌സ്റ്റയിൽ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവർക്കുമറിയാം. ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ. മാത്യു എന്ന മാത്തച്ചനും സുപരിചിതൻ. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉൾക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബർത്തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. വയനാട് ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്കൂൾ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്.കത്തീഡ്രലിൽനിന്ന്‌ മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാൽ ഇപ്പോൾ ഇതുവഴി വാഹനങ്ങൾ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കേളകത്തുനിന്ന്‌ ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്. സഹോദരൻ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാർ. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്. വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാർ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ഒരുനിമിഷം കത്തീഡ്രലിനുമുന്നിൽ നിർത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാർ ഓടിച്ചുപോയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽമാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ. മകളുടെ കല്യാണം നടക്കാനിരിക്കേ എത്തിയ ദുരന്തം 26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സർവീസും പേരാവൂർ തൊണ്ടിയിൽ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനും നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷായൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ. സാബു ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**കേളകം : **കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികൾ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയർത്തിനിൽക്കുന്ന മഹാറാണി ടെക്‌സ്റ്റയിൽ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവർക്കുമറിയാം. ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ. മാത്യു എന്ന മാത്തച്ചനും സുപരിചിതൻ. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉൾക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബർത്തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. വയനാട് ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്കൂൾ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്.കത്തീഡ്രലിൽനിന്ന്‌ മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാൽ ഇപ്പോൾ ഇതുവഴി വാഹനങ്ങൾ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കേളകത്തുനിന്ന്‌ ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്. സഹോദരൻ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാർ. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്. വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാർ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. ഒരുനിമിഷം കത്തീഡ്രലിനുമുന്നിൽ നിർത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാർ ഓടിച്ചുപോയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽമാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ. മകളുടെ കല്യാണം നടക്കാനിരിക്കേ എത്തിയ ദുരന്തം 26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സർവീസും പേരാവൂർ തൊണ്ടിയിൽ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനും നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷായൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ. സാബു ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83706/m-k-mathew)