---
title: "കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം, വിശ്വാസത്തിന്റെ പേരിൽ ചികിത്സ നൽകാത്തതാണ് മരണകാരണമെന്ന് ആരോപണം"
english_title: "Kannur: A student died due to fever in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8279/kannur-a-student-died-due-to-fever-in-kannur"
published_at: "2021-11-01T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f730ce37bd_news-ca.jpg"
keywords: []
---

# കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം, വിശ്വാസത്തിന്റെ പേരിൽ ചികിത്സ നൽകാത്തതാണ് മരണകാരണമെന്ന് ആരോപണം

> **Lead Summary:** **കണ്ണൂർ: **സിറ്റി ഞാലുവയലിൽ പനി ബാധിച്ച്​ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതൃസഹോദരന്‍റെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തു.

## Article Content

**കണ്ണൂർ: **സിറ്റി ഞാലുവയലിൽ പനി ബാധിച്ച്​ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതൃസഹോദരന്‍റെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തു.

കണ്ണൂർ സിറ്റി ഞാലുവയൽ ദാറുൽ ഹിദായത്തിൽ എം.സി. അബ്​ദുൽ സത്താറിന്‍റെയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമയാണ്​ (11) മരിച്ചത്. പെൺകുട്ടിക്ക് കലശലായ പനി ഉണ്ടായിട്ടും ശരിയായ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സയാണ്​ നടത്തിയതെന്ന്​ നാട്ടുകാർ ആരോപിക്കുന്നു.

മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനി ഉണ്ടായിരുന്നു. ഞായറാഴ്​ച പുലർച്ച മൂന്നിനാണ്​ പനി മൂച്ഛിച്ചതിനെ തുടർന്ന്​ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി.

സിറ്റി പൊലീസ്​ ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. ശേഷം വൈകീട്ട്​ ആറിന്​ കണ്ണൂർ സിറ്റി ഞാലുവയലിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം കണ്ണൂർ സിറ്റി ജുമാമസ്​ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കണ്ണൂർ സിറ്റി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ അരട്ടക്കപ്പള്ളി മദ്​റസയിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. സഹോദരങ്ങൾ: സാബിഖ്, സാഹിർ, സഹൽ. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന്​ സിറ്റി പൊലീസ്​ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8279/kannur-a-student-died-due-to-fever-in-kannur)