---
title: "കരുതലോടെ സ്കൂളുകൾ നാളെ തുറക്കും, തുടക്കം ഒന്നുമുതൽ ഏഴുവരെ,10, 12 ക്ലാസുകൾ : മാർഗനിർദേശങ്ങൾ"
english_title: "Schools Carefully Open Tomorrow, Starting 1st to 7th, Classes 10, 12: Guidelines"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8144/schools-carefully-open-tomorrow-starting-1st-to-7th-classes-10-12-guidelines"
published_at: "2021-10-31T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e334882e49_61730415.jpg"
keywords: []
---

# കരുതലോടെ സ്കൂളുകൾ നാളെ തുറക്കും, തുടക്കം ഒന്നുമുതൽ ഏഴുവരെ,10, 12 ക്ലാസുകൾ : മാർഗനിർദേശങ്ങൾ

> **Lead Summary:** **തിരുവനന്തപുരം: **ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്ന സ്കൂളുകൾ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും.

## Article Content

**തിരുവനന്തപുരം: **ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം നാളെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്ന സ്കൂളുകൾ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും.

സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.  അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകി. ലോവർ പ്രൈമറി സ്കൂളുകളിൽ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30ന് നടക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജിആർ അനിൽ എന്നിവർ പങ്കെടുക്കും.

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. 2400 തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ.

ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും.

15 മുതൽ 8, 9 ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8144/schools-carefully-open-tomorrow-starting-1st-to-7th-classes-10-12-guidelines)