---
title: "ഉദ്ഘാടനത്തിനൊരുങ്ങി തളിപ്പറമ്പ നഗരസഭ ഫ്രണ്ട് ഓഫീസ് , അടുത്ത മാസം 10 ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും"
english_title: "The Taliparamba Municipal Corporation front office will be opened to the public on the 10th of next month"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7931/the-taliparamba-municipal-corporation-front-office-will-be-opened-to-the-public-on-the-10th-of-next-month"
published_at: "2021-10-30T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cb35359fe5_news-.jpg"
keywords: []
---

# ഉദ്ഘാടനത്തിനൊരുങ്ങി തളിപ്പറമ്പ നഗരസഭ ഫ്രണ്ട് ഓഫീസ് , അടുത്ത മാസം 10 ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും

> **Lead Summary:** **തളിപ്പറമ്പ്: ** തളിപ്പറമ്പ് നഗരസഭയിൽ പുതുതായി പണിത ഫ്രണ്ട് ഓഫീസ് ഉൽഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും.

## Article Content

**തളിപ്പറമ്പ്: ** തളിപ്പറമ്പ് നഗരസഭയിൽ പുതുതായി പണിത ഫ്രണ്ട് ഓഫീസ് ഉൽഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും.

650 എം സ്ക്വയറിൽ നിർമ്മിച്ച ഓഫീസിൽ എല്ലാ സേവനങ്ങൾക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കൗൺസിലർമാർക്കും ഇരിപ്പിടമുണ്ട്. പൊതു ജനങ്ങൾക്ക് പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

80 ലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞ ഭരണ സമിതി രണ്ടര വർഷം മുമ്പ് പദ്ധതി തയാറാക്കി നിർമ്മാണത്തിന് ഒരുങ്ങിയിരുന്നു. അതിന്റ ഭാഗമായി അന്നത്തെ ഭരണ സമിതി ഓഫിസ് തൽക്കാലത്തേക്ക് മൂന്നാം നിലയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ രണ്ടര വർഷമായി നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റും റവന്യൂ ഡിപ്പാർട്ട്മെന്റും ഫ്രണ്ട് ഓഫീസും പ്രവർത്തിച്ചു വരുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫീസ് പൊളിച്ചു നീക്കിയും മാറ്റം വരുത്തിയും നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങിയെങ്കിലും പല നിയമ തടസ്സങ്ങളിൽ പെട്ട് പണി പൂർണമായും നിലച്ചു.

അതേ സമയം ആവശ്യങ്ങൾ നിറവേറ്റാൻ മൂന്നാം നിലയിൽ കയറിയിറങ്ങുന്നത് ജനങ്ങൾക്ക് പ്രത്യേകിച്ച് പ്രായമായവർക്കും രോഗികൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പുതിയ ഭരണ സമിതി വന്നപ്പോൾ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും നീക്കി പണി പുനരാരംഭിക്കുകയെന്നത്.

അത് കൊണ്ട് തന്നെ ചാർജ് ഏറ്റെടുത്തത് മുതൽ മുർഷിദ തന്റെ കർമ്മ പദ്ധതിയിൽ ഒന്നാമതായി ഉൾപ്പെടുത്തി ലക്ഷ്യബോധത്തോടെ ഇതിന്റെ പിന്നാലെയായിരുന്നു. നഗരസഭാ സെക്രട്ടറിയടക്കം പ്രധാന മേധാവികൾ ഇല്ലാഞ്ഞിട്ടും കോവിഡും ലോക് ഡൗണും കാരണമുള്ള ബുദ്ധിമുട്ടുകൾക്കിടയിലും പണി പൂർത്തിയാക്കാൻ സാധിച്ചത് മുർഷിദക്ക് വലിയ നേട്ടമായി.

ചെയർ പേഴ്സന്റെയും ഭരണ സമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളുടെയും ജീവനക്കാരുടെയും കരാറുകാരുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ എല്ലാ തടസ്സങ്ങളും നീങ്ങുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കാഡ്കോയെയാണ് മനോഹരമായ ഫർണിച്ചറുകൾ ഒരുക്കിയിട്ടുളളത്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും , റവന്യൂ ഡിപ്പാർട്ട്മെന്റിനും പുറമേ ജനറൽ സെക്ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫ്രൻ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7931/the-taliparamba-municipal-corporation-front-office-will-be-opened-to-the-public-on-the-10th-of-next-month)